ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫ് നൂറാം ദിവസവും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് ജോജു ജോര്‍ജിന്റെ കരിയര്‍ ബ്രേക്ക് ചിത്രം തന്നെയായിരുന്നു. ചിത്രത്തിന്റെ നൂറാം ദിനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജോജു ജോര്‍ജ്, സംവിധായകന്‍ എം. പദ്മകുമാര്‍, ഇര്‍ഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീര്‍, സംഗീതഞ്ജരായ രഞ്ജിന്‍ രാജ്, അനില്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
ഈ ദിവസം തന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ദിവസമാണെന്ന് ജോജു പറഞ്ഞു. 'മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പൊളി ദിവസമാണ്.' ജോജു പറഞ്ഞു.
പ്രേക്ഷകരും നിരൂപകരും സിനിമാരംഗത്തുള്ളവരും ഒരു പോലെ പ്രശംസിച്ച ചിത്രമായിരുന്നു ഇത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. 'മാന്‍ വിത് സ്‌കാര്‍' എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് ജോജു 'ജോസഫ്' എന്ന കഥാപാത്രത്തിലൂടെ കാഴ്ച്ചവെച്ചത്.