28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് അനന്തപുരിയില്‍ തിരിതെളിഞ്ഞു. ഐഎഫ്എഫ്‌കെ ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിട പിടിക്കുന്നുവെന്ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇത്തവണത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിത്രങ്ങള്‍ പൊരുതുന്ന പലസ്തീന്‍ ജനതയോടു പിന്തുണ പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യാതിഥി നടന്‍ നാനാ പടേക്കറും മറ്റ് അതിഥികളും ചേര്‍ന്ന് ദീപം തെളിച്ചു.
കെനിയന്‍ സംവിധായിക വനുരി കഹിയുവിന് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം മേയര്‍ ആര്യ രാജേന്ദ്രന്‍ സമ്മാനിച്ചു. ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ.പ്രശാന്ത് എംഎല്‍എ നടന്‍ മധുപാലിനും അക്കാദമി ജേണലായ ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനും നല്‍കി പ്രകാശിപ്പിച്ചു. മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത 'ഗുഡ്‌ബൈ ജൂലിയ' പ്രദര്‍ശിപ്പിച്ചു. സുഡാനില്‍ നിന്നും കാന്‍ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രം കൂടിയാണ് ഗുഡ്‌ബൈ ജൂലിയ. 2011 ലെ സുഡാന്‍ വിഭജനകാലത്തെ രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളും പ്രമേയമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയില്‍ ഫ്രീഡം അവാര്‍ഡ് നേടിയ ഗുഡ്‌ബൈ ജൂലിയ സുഡാന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയുമായിരുന്നു.
81 രാജ്യങ്ങളില്‍നിന്നുള്ള 175 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 സിനിമകളും ലോക സിനിമ വിഭാഗത്തില്‍ 62 സിനിമകളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീതപരിപാടി നടന്നു.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതല്‍' മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്,നീലമുടി, ആപ്പിള്‍ ചെടികള്‍, ബി 32 മുതല്‍ 44 വരെ, ഷെഹര്‍ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകള്‍ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റു സിനിമകള്‍.
ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി', ഫാസില്‍ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്നീ മലയാള ചിത്രങ്ങള്‍ അന്താരഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്.