രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്‌കെ)സുവര്‍ണ ചകോരം പുരസ്‌കാരം ബൊളീവിയന്‍ ചിത്രം 'ഉതമ' സ്വന്തമാക്കിയപ്പോള്‍ മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ് മഹേഷ് നാരായണന്റെ 'അറിയിപ്പ്' ന് ലഭിച്ചു. മികച്ച പ്രേക്ഷക പുരസ്‌കാരം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കൂട്ടുകെട്ടില്‍ പിറന്ന 'നന്‍പകല്‍ നേരത്ത് മയക്കം' സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള രജത ചകോരം തുര്‍ക്കിഷ് സംവിധായകന്‍ തയ്ഫുനിനാണ് ലഭിച്ചത്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നാറ്റ്പാക് അവാര്‍ഡ് ഫിറാസ് ഖൂറിയുടെ 'ആലം' സ്വന്തമാക്കി. റോമി മെയ്‌തെയ് സംവിധാനം ചെയ്ത അവര്‍ ഹോം മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി .നെറ്റ്പാക് സ്പെഷ്യല്‍ ജൂറി പരാമര്‍ശവും അവര്‍ ഹോമിനാണ്.
മലയാളത്തിലെ മികച്ച ആദ്യ സംവിധാനത്തിനുള്ള ഫിപ്രസി പുരസ്‌കാരം '19(1)(എ)' സംവിധാനം ചെയ്ത ഇന്ദു വിഎസ് നേടി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് അമര്‍ കോളനിയുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ചൗഹാന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഏക്താര കളക്റ്റീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവര്‍ ഓണ്‍ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം.രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളില്‍ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമര്‍ശത്തിന് ഈ ചിത്രത്തില്‍ അഭിനയിച്ച മനീഷാ സോണിയും മുസ്‌ക്കാനും തെരഞ്ഞെടുക്കപ്പെട്ടു.
മേളയുടെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കാണികളുടെ കൂവല്‍. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികള്‍ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധിച്ചത്.
എസ്എഫ്ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവല്‍ പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 1976ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെയും പരാതികള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ഐഎഫ്എഫ്കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു വരുത്തിയത് അക്കാദമി അല്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌ക്കാരം അച്ചടി മാധ്യമവിഭാഗത്തില്‍ ദേശാഭിമാനിയും ദൃശ്യ മാധ്യമത്തില്‍ 24 ന്യൂസും നേടി. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രപ്രസ്സിലെ ആര്യ വിആര്‍ നേടി.ഈ വിഭാഗത്തിലെ ജൂറി പരാമര്‍ശത്തിനു കലാകൗമുദി ദിനപത്രത്തിലെ അരുണ്‍കുമാര്‍ വിബി അര്‍ഹനായി .
ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചല്‍ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍. ഓണ്‍ലൈന്‍ വിഭാഗത്തില്‍ ദി ഫോര്‍ത്തിനാണ് പുരസ്‌ക്കാരം. ആകാശവാണിയാണ് മികച്ച റേഡിയോ. അച്ചടി മാധ്യമങ്ങളിലെ സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം മെട്രോ വാര്‍ത്ത ദിനപ്പത്രത്തിനാണ്.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രപ്രസിലെ ബിപി ദീപുവാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി ഏഷ്യാനെറ്റ് ന്യൂസിലെ രാജീവ് സോമശേഖരനെ തിരഞ്ഞെടുത്തു. 24 ന്യൂസിലെ അഭിലാഷ് വി ഈ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫിക്ക് മെട്രോ വാര്‍ത്തയിലെ കെബി ജയചന്ദ്രന്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.