ഇസൈജ്ഞാനി ഇളയരാജ എണ്‍പതാം പിറന്നാളും സംവിധായകന്‍ മണിരത്‌നം 67ാം പിറന്നാളും ഇന്നലെ ആഘോഷിച്ചു. രാഷ്ട്രീയ, സിനിമാരംഗത്തെ പ്രമുഖര്‍ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ആശംസകള്‍ നേര്‍ന്നു. കലാലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാറുള്ള സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും മാസ്റ്റര്‍ സംവിധായകന്‍ മണിരത്‌നത്തിനും ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കമല്‍ഹസ്സന്‍. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടാണ് താരത്തിന്റെ ആശംസാകുറിപ്പ്.
ഇതിഹാസ സംഗീതസംവിധായകനൊപ്പമുള്ള ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പങ്കിട്ടാണ് താരത്തിന്റെ ആദ്യത്തെ കുറിപ്പ്. ''എട്ട് പതിറ്റാണ്ടുകളായി സിനിമയുടെ ഒരു യുഗം നമ്മെ രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ സംഗീതം. ഇ, ലൈ, യ, രാ, ജ എന്നിവ ഇന്ത്യന്‍ സിനിമയുടെ അഞ്ച് അപൂര്‍വ സ്വരങ്ങളാണ്, തന്റെ സിംഹാസനം ഊട്ടിയുറപ്പിച്ച, എന്റെ സ്‌നേഹത്തിനും അത്ഭുതത്തിനും ഏറ്റവും അര്‍ഹതയുള്ളവനുമാണ് അദ്ദേഹം. മറ്റാരുമല്ല, എന്റെ സഹോദരന്‍ ഇളയരാജ. സംഗീത ലോകത്തെ ഏക ചക്രപതിക്ക് ജന്മദിനാശംസകള്‍...'' എന്നാണ് താരം കുറിച്ചിരിക്കുന്നത്. നായകന്‍, വിരുമാണ്ടി, ഹേ റാം, മൂന്നും പിറൈ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടനും സംഗീതജ്ഞനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിനു താഴെ ഒരുപാട് ആരാധകര്‍ കമന്റുകളിടുന്നുണ്ട്.
മണിരത്‌നത്തിന്റെയും ജന്മദിനം ഇന്നു തന്നെയാണ്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ചിത്രവും പങ്കിട്ടാണ് താരം മണിരത്‌നത്തിനും ആശംസ നേര്‍ന്നിരിക്കുന്നത്. ''ഒരാള്‍ തങ്ങള്‍ക്ക് ചുറ്റും സൃഷ്ടിക്കുന്ന സന്തോഷം കൊണ്ട് ജീവിതത്തെ കണക്കാക്കുകയാണെങ്കില്‍, നിങ്ങളുടെ ചുറ്റുമുള്ള സുഹൃത്തുക്കളാണ് പ്രായം കണക്കാക്കുന്നതെങ്കില്‍, എന്റെ പ്രിയപ്പെട്ട മണിരത്‌നം നിങ്ങള്‍ ഇന്ന് കൂടുതല്‍ പ്രായമുള്ള ഒരു മനുഷ്യനാകാന്‍ പോകുന്നു! തന്റെ കലയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പര്‍ശിച്ച ഇന്ത്യന്‍ സിനിമയിലെ ഒരു ഡോയന്‍, സംഭാഷണങ്ങളെ മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയ ഒരാള്‍.
നിരന്തരമായി പഠിച്ചുകൊണ്ട് വെല്ലുവിളിയുടെ തോത് ശ്രദ്ധിക്കാതെ നിങ്ങള്‍ സിനിമയുടെ അതിരുകള്‍ നിരന്തരം ചലിപ്പിച്ചു. ഇന്ന് നിങ്ങള്‍ അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന ഒരു മാസ്റ്ററാണ്, അവരിലൂടെ നിങ്ങളുടെ പൈതൃകം ശാശ്വതമായി പ്രതിഫലിക്കും. നായകന്‍ മുതല്‍ #KH234 വരെയുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര എനിക്ക് വ്യക്തിപരമായി പ്രതിഫലദായകവും സമ്പന്നവുമാണ്. ജന്മദിനാശംസകള്‍ സുഹൃത്തേ, ഇനിയും കൂടുതല്‍ സന്തോഷകരമായ ദിനങ്ങള്‍ വരാനിരിക്കുന്നതാണ് സുഹൃത്തേ!..'' എന്നാണ് താരം കുറിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വീട്ടിലെത്തി ആശംസകള്‍ അറിയിച്ചു. പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി. വീട്ടിലെ ആഘോഷം കൂടാതെ കോടമ്പാക്കത്തുള്ള റെക്കോഡിങ് സ്റ്റുഡിയോയിലും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പവും പിറന്നാള്‍ ആഘോഷിച്ചു. സ്റ്റുഡിയോയില്‍ ഒട്ടേറെ ആരാധകരെത്തി അനുഗ്രഹം തേടി.