സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിന്റെ മൊഴി ആദായനികുതി വകുപ്പ് രേഖപ്പെടുത്തി. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട സിനിമ നിര്‍മ്മാണ സ്ഥാപനത്തില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്.
സമാനമായ രീതിയില്‍ നടന്‍ മോഹന്‍ലാലിന്റെ മൊഴിയും ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു. ചില സാമ്പത്തിക കാര്യങ്ങളില്‍ മോഹന്‍ലാലില്‍ നിന്ന് വ്യക്തത വരുത്തനായിരുന്നു അത്. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ മോഹന്‍ലാലിനോട് തേടിയിരുന്നു. രണ്ടുമാസം മുന്‍പ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി.
ആന്റണി പെരുമ്പാവൂരിന്റെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
മലയാള സിനിമാ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വിദേശത്തെ സ്വത്തുവകകള്‍ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്. ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവില്‍ കോടികളുടെ സാമ്പത്തിക ക്രമക്കോടും നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും മലയാള സിനിമാ മേഖലയില്‍ നടക്കുന്നുവെന്നാണ് അന്വേഷണത്തില്‍ ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
മലയാള സിനിമാ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 225 കോടിയുടെ കള്ളപ്പണ ഇടപാടുകളാണ്. നികുതിയായി നല്‍കേണ്ട 72 കോടി രൂപ മറച്ചുവെച്ചുവെന്നാണ് കണ്ടെത്തല്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍മ്മാണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട് ക്രൂടുതല്‍ പേരെ വിളിച്ച് വരുത്തി മൊഴിയെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. സിനിമാ രംഗത്തെ പ്രമുഖരുടെ നിക്ഷേപവും വരുമാനവും വെളിപ്പെടുത്തിയ വരുമാന രേഖകളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.