സൂപ്പര്‍ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ട്രെന്‍ഡ് ആയി മാറിയ ഫഹദ് ഫാസില്‍ ഇനി ബോളിവുഡിലേക്ക്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ വേഷമിടാന്‍ പോകുന്നത്. ചിത്രത്തില്‍ ത്രിപ്തി ദിമ്രിയാകും ഫഹദിന്റെ നായിക കഥാപാത്രമായി എത്തുക.
റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരക്കഥയിലെ അവസാനഘട്ട തിരുത്തലുകള്‍ക്ക് ശേഷം 2025 ആദ്യ പകുതിയില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിന്‍ഡോ സീറ്റ് ഫിലിംസിന്റെ ബാനറില്‍ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിര്‍മ്മിക്കുക.
അതേസമയം, സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2 ആണ് ഫഹദിന്റെ പുറത്തിങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ഭന്‍വര്‍ സിംഗ് ശെഖാവത്ത് എന്ന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. എന്നാല്‍ ഗംഭീര പ്രതികരണങ്ങള്‍ നേടിയ 'പുഷ്പ: ദ റൈസ്' എന്ന ആദ്യ ഭാഗത്തിന്റെ അത്ര ആസ്വാദനം പുഷ്പ 2വിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് തിയേറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍
പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങിയ ആദ്യ ഷോ മുതല്‍ വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. ഇതിനിടെ ഹൈദരാബാദില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഒരുപാട് പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.