മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വേർപാട്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് നെടുമുടി വേണുവിനെ കുറിച്ച് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞ വാക്കുകളാണ്.
'ഒരാളെ കൊന്നാല്‍ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ, ഇതിപ്പോ 14 കൊല്ലമായി, ഞാന്‍ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ?' -വേണുച്ചേട്ടന്റെ ചോദ്യത്തില്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന പിണക്കം അലിഞ്ഞുപോയി എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...'''ഒരിക്കല്‍ വിദേശത്തു ചിത്രീകരണത്തിന് വേണുവിന് എത്താന്‍ സാധിച്ചില്ല. പെട്ടെന്ന് പകരക്കാരനെ കണ്ടെത്താനാകാതെ ചിത്രീകരണം തടസ്സപ്പെട്ടു. തുടര്‍ന്ന് അദ്ദേഹവുമായി ചിത്രങ്ങള്‍ ചെയ്തിരുന്നില്ല.
പിന്നീട് തിരുവനന്തപുരത്ത് വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 'ഒരാളെ കൊന്നാല്‍ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ ഇതിപ്പോ 14 കൊല്ലമായി. ഞാന്‍ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..?' എന്ന് അദ്ദേഹം സരസമായി ചോദിച്ചതോടെ ആ നീരസം തീര്‍ന്നു. 'വീണ്ടും ചില വീട്ടു കാര്യങ്ങളി'ലൂടെ അദ്ദേഹം പിന്നീടും എന്റെ ചിത്രങ്ങളില്‍ സജീവമായി. ആരെയും പിണങ്ങാന്‍ പോലും അനുവദിക്കാത്ത വ്യക്തിപ്രഭാവമായിയിരുന്നു അദ്ദേഹത്തിന്റേത്' -സത്യന് അന്തിക്കാട് പറഞ്ഞു.
ഭരത് ഗോപിയുമായി തന്നെ അടുപ്പിച്ചതും പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ ഇടയാക്കിയതും നെടുമുടി വേണുവാണെന്നും സത്യന് അന്തിക്കാട് ആ വേദിയില്‍ പറഞ്ഞു. മലയാള സിനിമയില്‍ അഭിനയത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തെളിച്ചവരാണ് ഇവര്‍ ഇരുവരുമെന്നും സത്യന് അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.