തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയ്ക്ക് പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത്ത്. ‘വി സ്റ്റാന്‍ഡ് വിത്ത് സൂര്യ’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. നടൻ സൂര്യയ്ക്കെതിരെ ‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ രംഗത്ത് വന്നിരുന്നു. പാ രഞ്ജിത്ത് തന്റെ നിലപാട് ഈ സാഹചര്യത്തിലാണ് അറിയിച്ചിരിക്കുന്നത്. നിരവധിപേര്‍ ഇതിനോടകം തന്നെ സൂര്യയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.
ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഹാഷ്ടാഗ് ക്യാംപെയിനുകളും നടന്നിരുന്നു. സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസം ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് എം.പിയും ആരോപിച്ചിരുന്നു. സിനിമക്കെതിരേ രംഗത്തുവന്ന അന്‍പുമണി ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന്‍ സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.