Latest News

മമ്മൂട്ടി വിളിച്ചു, റഫീഖ് കൂളായി; 'അദ്ദേഹം എന്നെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്ന് റഫീക്; വയനാട്ടിലെ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മമ്മൂട്ടിയുടെ ഫോണ്‍ കോളും സെക്രട്ടറിയുടെ പോസ്റ്റും; നിങ്ങളെന്തിനാ എപ്പോഴും എന്റെ കൂടെ നടക്കുന്നത്?' മമ്മൂട്ടിയുടെ ചോദ്യം സൈബറിടത്തെ ഇളക്കി മറിച്ചത് ഇങ്ങനെ

Malayalilife
മമ്മൂട്ടി വിളിച്ചു, റഫീഖ് കൂളായി; 'അദ്ദേഹം എന്നെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്ന് റഫീക്; വയനാട്ടിലെ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മമ്മൂട്ടിയുടെ ഫോണ്‍ കോളും സെക്രട്ടറിയുടെ പോസ്റ്റും; നിങ്ങളെന്തിനാ എപ്പോഴും എന്റെ കൂടെ നടക്കുന്നത്?' മമ്മൂട്ടിയുടെ ചോദ്യം സൈബറിടത്തെ ഇളക്കി മറിച്ചത് ഇങ്ങനെ

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് വിരാമമിട്ട് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യക്തിപരമായി അദ്ദേഹം പങ്കുവെച്ച ഒരു ആശങ്കയെ ചില കേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ റഫീഖ് വ്യക്തമാക്കി. 

വിവാദം ഇങ്ങനെ ടൗണ്‍ഷിപ്പ് സന്ദര്‍ശന വേളയില്‍ മമ്മൂട്ടിക്ക് ചുറ്റുമുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച കെ. റഫീഖിനോട് നടന്‍ 'മാറി നില്‍ക്കാന്‍' പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും അപമാനിച്ചുവെന്ന രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ വ്യക്തതയുമായി റഫീഖ് തന്നെ രംഗത്തെത്തിയത്. 
 മമ്മൂട്ടി റഫീഖിനെ നേരിട്ട് വിളിച്ചു വിവാദങ്ങള്‍ക്ക് പിന്നാലെ മമ്മൂട്ടി തന്നെ നേരില്‍ വിളിച്ചതായും കാര്യങ്ങള്‍ സംസാരിച്ചതായും റഫീഖ് അറിയിച്ചു. 

മാറി നില്‍ക്കല്‍ പരാമര്‍ശം മോശമാക്കാന്‍ പറഞ്ഞതല്ലെന്നും, തെറ്റായ ഉദ്ദേശത്തിലല്ല പറഞ്ഞതെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. വ്യക്തിപരമായ ഈ സംഭാഷണത്തെ അപമാനമായി ചിത്രീകരിച്ച് വഷളാക്കിയത് ചില മാധ്യമങ്ങളും വലതുപക്ഷ സൈബര്‍ കേന്ദ്രങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിലുടനീളം കൂടെ നടന്നപ്പോള്‍ ''നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും'' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. 

പിന്നാലെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ലോകത്തിന് തന്നെ മാതൃകയായ ഒരു പുനരധിവാസ ടൗണ്‍ഷിപ്പിന്റെ തിളക്കം കുറയ്ക്കാന്‍ ഇത്തരം വിവാദങ്ങള്‍ ഇടയാക്കരുത്. ദുരന്തബാധിതരുടെ പുഞ്ചിരിക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മമ്മൂട്ടിയുടെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ് ദൃശ്യമായിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം... 

മലയാളത്തിന്റെ മഹാനടന്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയില്‍ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കണ്‍സേണ്‍ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ നമ്മള്‍ അവിടെ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരില്‍ വിളിക്കുകയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തില്‍ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയര്‍ത്ത, ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയില്‍ ഈ വിവാദങ്ങള്‍ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്. 

മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നേരില്‍ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തില്‍ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. 

ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസ്സം. 
കെ റഫീഖ്

mammoottys phone call with k rafeeq

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES