കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് ഏറെ പരിചിതമായ നടിയാണ് അംബിക റാവു. മലയാള സിനിമയിൽ സഹസംവിധായികയായും അഭിനേതാവായും സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. ഡയാലിസിസിന് താരം ആഴ്ചയിൽ രണ്ട് തവണയാണ് വിധേയയാകുന്നത്. താരത്തിന് എല്ലാവിധ സഹായവുമായി കൂടെ കൈത്താങ്ങായിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ആയ സാഹചര്യത്തിൽ ഇപ്പോൾ തുടർ ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടി നിൽക്കുകയാണ്. സംവിധായകൻ അനിൻ രാധാകൃഷ്ണ മേനോനാണ് അംബികയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചതും സഹായം അഭ്യർഥിച്ചതും.
അംബിക സഹോദരന്റെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് ഫ്ലാറ്റ്. രണ്ട് വൃക്കകളും നേരത്തെതന്നെ തകരാറിലായി. ആഴ്ചയിൽ മൂന്ന് പ്രാവശ്യമാണ് ഡയലിസിസ് നിർദേശിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അത് രണ്ട് തവണയായി ചെയ്തുവരുന്നു. ഒരുവിധം പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവുകയായിരുന്നു. പക്ഷേ കോവിഡ് എല്ലാം തകർത്ത് കളഞ്ഞു. ഇപ്പോൾ ലിവർ സിറോസിസ് മാത്രമല്ല വയറ്റിനുള്ളിൽ ജലം വന്ന് നിറയുന്നുമുണ്ട്. ജലം നിറയുമ്പോഴുള്ള ഭാരം നിമിത്തം എഴുന്നേറ്റ് നിൽക്കാൻപോലുമാകുന്നില്ല. ഡയലിസിസിനും മരുന്നിനുമൊക്കെയായി നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. ചിലപ്പോൾ ചില സുമനസ്സുകൾ അംബികയെ സഹായിക്കും. അതാണ് ആകെയുള്ള ആശ്വാസം. പക്ഷേ ഇപ്പോഴത്തെ അവസ്ഥ തീരെ മോശമാണ്.
ഡയലിസിസും മുടങ്ങിയിരിക്കുന്നു. അസഹനീയമായ ഈ വേദനയിലൂടെയാണ് അംബിക കടന്നുപോകുന്നത്. സുമനസുകളുടെ സഹായം ലഭിച്ചാൽ അംബികയ്ക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ സാധിക്കും. വിവാഹമോചിതയായതിന് ശേഷം 36ആം വയസിലാണ് അംബിക സിനിമയിലേക്ക് വരുന്നത്. അംബികയുടെ അച്ഛൻ മറാഠിയും അമ്മ മലയാളിയുമായിരുന്നു.