'റോക്കട്രി' ക്കു ശേഷം മാധവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡില്‍ നിന്ന് എത്തുന്ന സസ്പെന്‍സ് ഡ്രാമയുടെ പേര് 'ധോക്ക: റൌണ്ട് ദ് കോര്‍ണര്‍' എന്നാണ്. കൂക്കി ഗുലാത്തിയാണ് ചിത്രത്തിന്റെ സംവിധാനം.
ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഖുഷാലി കുമാറിന്റെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ടി സിരീസ് സ്ഥാപകന്‍, പരേതനായ ഗുല്‍ഷന്‍ കുമാറിന്റെ മകളാണ് ഖുഷാലി. അതേസമയം ആമിര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ അരങ്ങേറിയ അപര്‍ശക്തി ഹം ദോ ഹമാരെ ദോ, ദ് കശ്മീര്‍ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളിലും അവര്‍ ശ്രദ്ധ നേടിയിരുന്നു.
ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. വിസ്ഫോട്ട് എന്ന മറ്റൊരു ചിത്രം കൂടി അദ്ദേഹത്തിന്റേതായി പുറത്തെത്താനുണ്ട്. ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്മുഖുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നാഗരികരായ ദമ്പതികളുടെ ഒരു ദിവസത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ പ്ലോട്ട് എന്ന് അറിയുന്നു. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.