ബോളിവുഡ് താരം ദീപിക പദുകോണ്‍ ഡാന്‍സ് റിയാലിറ്റി ഷോ വേദിയില്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സ്റ്റാര്‍ പ്ലസിന്റെ ഡാന്‍സ് പ്ലസ് എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയതാണ് താരം. ഷോയിലെ മത്സരാര്‍ത്ഥികള്‍ തനിക്കായി ഒരുക്കിയ ട്രിബ്യുട്ട് ഡാന്‍സ് കണ്ടതോടെയാണ് ദീപിക വികാരഭരിതയായി കണ്ണ് പൊത്തി കരഞ്ഞത്.
ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദീപികയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ട്രിബ്യൂട്ട് ആയാണ് നൃത്തം ഒരുക്കിയിരുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, രാംലീല, പദ്മാവതി തുടങ്ങിയ ചിത്രങ്ങളില്‍ ദീപിക അനശ്വരങ്ങളാക്കിയ കഥാപാത്രങ്ങളെല്ലാം വേദിയില്‍ മത്സരാര്‍ത്ഥികളിലൂടെ മിന്നിമറഞ്ഞു.
കൈകള്‍ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞ ദീപികയെ ഷോയിലെ ജഡ്ജ് റെമോ ഡിസൂസ ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് വേദിയിലെത്തിയ ദീപിക മത്സരാര്‍ത്ഥികളോട് നന്ദി പറയുകയും ചെയ്തു. 'ഞാന്‍ നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷെ, ഇന്ന് ഞാന്‍ അനുഭവിക്കുന്നതെന്തെന്ന് വാക്കുകളാല്‍ പറയാന്‍ സാധിക്കുകയില്ല. എന്റെ ഹൃദയത്തില്‍ നിന്നാണ് ഇത് പറയുന്നത്. നന്ദി' ദീപിക പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഛപാകി'ന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക റിയാലിറ്റി ഷോ വേദിയില്‍ എത്തിയത്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘന ഗുല്‍സാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്. ചിത്രത്തില്‍ ലക്ഷമിയായിട്ടാണ് ദീപിക എത്തുന്നത്. ജനുവരി 10 ന് തിയറ്ററുകളില്‍ എത്താനിരിക്കുകയാണ് ചിത്രം.