Latest News

ചരിത്രം രചിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ മലയാള ഓഡിയോ ചലച്ചിത്രം 'ബ്ലൈന്‍ഡ് ഫോള്‍ഡ് ; അന്ധനായ വ്യക്തിയുടെ  കാഴ്ചപ്പാടിലൂടെ  കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രം

Malayalilife
 ചരിത്രം രചിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ മലയാള ഓഡിയോ ചലച്ചിത്രം 'ബ്ലൈന്‍ഡ് ഫോള്‍ഡ് ; അന്ധനായ വ്യക്തിയുടെ  കാഴ്ചപ്പാടിലൂടെ  കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രം

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ  കഥപറയുന്ന  ചിത്രം 'ബ്ലൈന്‍ഡ് ഫോള്‍ഡ് ' ഇന്ത്യയില്‍നിന്നുള്ള  ആദ്യ  ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു.   ക്രിയേറ്റിവ്  ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ്  കാരമെന്‍ ആണ്  ചിത്രം  സംവിധാനം  ചെയുന്നത്.  ഇന്റലക്ച്വല്‍ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരല്‍  ബ്രാന്‍ഡായ ക്ലുമും ചേര്‍ന്നാണ്  ചിത്രം  നിര്‍മ്മിക്കുന്നത്.

പരമ്പരാഗതമായ  ചലച്ചിത്ര നിര്‍മ്മാണ രീതികളില്‍  നിന്ന്  വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ  നൂതനമായ സഹായത്തോടെയാണ്  ചിത്രം  പ്രേക്ഷകരിലേക്ക്  എത്തുന്നത്.  അന്ധനായ കേന്ദ്രകഥാപാത്രം  ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും  പിന്നീട്  സംഭവിക്കുന്ന  ഉദ്യോഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ  കാതല്‍.  ദൃശ്യങ്ങള്‍  ഇല്ലാതെ  ശബ്ദംകൊണ്ട് മാത്രം  പ്രേക്ഷകനെ  നയിക്കുന്ന  ചലച്ചിത്രം പ്രേക്ഷകര്‍ക്ക്  നവീനമായ അനുഭവമാണ്  സമ്മാനിക്കുക.

'സിനിമ ഒരു  ദൃശ്യമാധ്യമാണ്  പക്ഷെ 'ബ്ലൈന്‍ഡ്  ഫോള്‍ഡില്‍ ' ദൃശ്യങ്ങള്‍ ഇല്ല. ഏതൊരു സാധാരണ  സിനിമയും ആസ്വദിക്കുന്നത്  പോലെ 'ബ്ലൈന്‍ഡ് ഫോള്‍ഡും ' തിയറ്ററില്‍ പ്രേക്ഷകര്‍ക്ക്  ആസ്വദിക്കാന്‍  കഴിയും.എന്റെ കഴിഞ്ഞ 11 വര്‍ഷത്തെ ഗവേഷണവും  ചിന്തകളും ഈ ചിത്രത്തിന്റെ  പിന്നിലുണ്ട്.  സിനിമയെന്ന  മാധ്യമം  ഓരോ പ്രേക്ഷകരിലും എങ്ങനെ വ്യത്യസ്തമായി  സ്വാധീനിക്കുന്നു എന്നത്  ഞാന്‍ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെളിച്ചത്താല്‍ അന്ധമായ  ഒരു ലോകത്തിന്റെയും അതിന്റെ ശബ്ദങ്ങളിലൂടെയുള്ള സൗന്ദര്യത്തെയുമാണ്  ഞാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നത്.  ശബ്ദമിശ്രണത്തിലൂടെയും സംഗീതത്തിലൂടെയും സംഭാഷണത്തിലൂടെയും മാത്രം ഒരു സിനിമയേ മികച്ച  അനുഭവമാക്കുകയെന്നതാണ്  എന്റെ ലക്ഷ്യം. നമ്മുടെ ചുറ്റുപാടുകളില്‍  ശ്രദ്ധ കേന്ദ്രികരിക്കുവാനും  കാഴ്ചകളേക്കാള്‍ നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും 'ബ്ലൈന്‍ഡ്  ഫോള്‍ഡ് ' പ്രേക്ഷകരെ പ്രേരിപ്പിക്കുമെന്ന്  'പരീക്ഷണാത്മക സിനിമകളിലും  ആശയങ്ങളിലും  അതീവ  താല്പര്യമുള്ള ബ്ലൈന്‍ഡ് ഫോള്‍ഡിന്റെ  എഴുത്തുകാരനും സംവിധായകനുമായ ബിനോയ് കാരമെന്‍ പറഞ്ഞു.

സിനിമ മേഖലയിലെ  ഭൂരിഭാഗം  സിനിമകളും  ദൃശ്യഭംഗിയില്‍ ശ്രദ്ധ കേന്ദ്രികരിക്കുമ്പോള്‍,  സിനിമയുടെ ആഖ്യാനരീതിയും ശബ്ദമിശ്രണവും സിനിമ ആസ്വാദ്യകരമാവാന്‍ പ്രധാന പങ്ക്  വഹിക്കുന്നുണ്ടെന്ന് 'ബ്ലൈന്‍ഡ്  ഫോള്‍ഡ് ' നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്പനക്കാരന്‍ രാജന്റെ വീക്ഷണത്തില്‍ നിന്നാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.  അദ്ദേഹത്തിന്റെ  സാന്നിധ്യത്തില്‍ ഒരു കൊലപാതകം നടക്കുന്നത്  കേള്‍ക്കുന്നതും തുടര്‍ന്ന്  ഉണ്ടാകുന്ന അസാധാരണ  സംഭവവികാസങ്ങളുമാണ്  ചിത്രത്തിന്റെ കഥാതന്തു.

' എന്നെ സംബന്ധിച്ച്  ഇതൊരു  പുതിയ അനുഭവമായിരുന്നു.  കാരമെന്റെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട്  വളരെ  വ്യത്യസ്തമാണ്. പ്രേക്ഷകര്‍ക്ക് പുതുമയുള്ളതും ആവേശകരമായ ഓഡിയോ  അനുഭവം നല്‍കുകയെന്ന  ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ സിനിമയുടെ  ഭാഗമാവുന്നത്.  ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ നവീനമായ  ശബ്ദസാങ്കേതികവിദ്യകള്‍ വരുംകാല  സിനിമകളില്‍ പരീക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും 'ബ്ലൈന്‍ഡ്‌ഫോള്‍ഡെന്ന് ' ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഷൈജല്‍ ഷമീം  അഹമ്മദ് പറഞ്ഞു.

അതിനൂതനമായ  ശബ്ദസാങ്കേതികവിദ്യകളുടെ സഹായം  പ്രേക്ഷകര്‍ക്ക്  നവീനമായ ശ്രവ്യാനുഭവം പ്രദാനം  ചെയ്യും. സിനിമയുടെ  പിന്നില്‍ പ്രവര്‍ത്തിച്ച പരിചയസമ്പന്നരായ  സൗണ്ട്  ഡിസൈനര്‍മാരും മികച്ച  അനുഭവമായി  സിനിമയെ  മാറ്റിയെടുക്കുവാന്‍  സഹായിച്ചിട്ടുണ്ട്. ഫ്രീക്വന്‍സി സൂചികങ്ങള്‍ക്കൊപ്പം, ശബ്ദത്തിന്റെ ദിശയും ഉത്ഭവവും നിര്‍ണ്ണയിക്കപ്പെടുന്ന തരത്തില്‍ സൗണ്ട്‌സ്‌കേപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ബൈനറല്‍ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് മികച്ച സറൗണ്ട് സൗണ്ട് അനുഭവം നല്‍കുകയും അവര്‍ക്ക് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന ചിത്രം ഡോള്‍ബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.

'നവീനമായ ശബ്ദസാങ്കേതികവിദ്യകളുടെ  സഹായത്തോടെ വരുംകാല ഓഡിയോ സ്റ്റോറികള്‍ക്കായുള്ള  അവസരങ്ങള്‍ തുറന്നിടുകയാണ്  ബ്ലൈന്‍ഡ്ഫോള്‍ഡ്. സിനിമയിലെക്ക്  പ്രേക്ഷകരെ  അടുപ്പിക്കുവാന്‍ ചിത്രത്തിന്റെ ഓഡിയോ  ഡിസൈന്‍ വലിയ  പങ്ക്  വഹിക്കും. കാരമെന്റേത് ധീരമായ  ചുവടുവെപ്പാണെന്നും സിനിമയുടെ  ഭാഗമാവാന്‍  സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നനും' സിനിമയുടെ  സിങ്ക് സൗണ്ടും,  സൗണ്ട്  ഡിസൈനിങ്ങും നിര്‍വഹിച്ച അജില്‍ കുര്യന്‍  പറഞ്ഞു.

സിനിമയുടെ സൗണ്ട്  ഡിസൈനിങ്  നിര്‍വഹിച്ചിരിക്കുന്നത്  അജില്‍ കുര്യന്‍ , കൃഷ്ണന്‍ ഉണ്ണി എന്നിവര്‍  ചേര്‍ന്നാണ്.  പശ്ചാത്തല സംഗീതം  സ്റ്റീവ്  ബെഞ്ചമിനും,  തിരക്കഥ  രചിച്ചിരിക്കുന്നത്  സൂര്യ ഗായത്രിയുമാണ്.

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ശക്തമായ സാക്ഷ്യപത്രമാണ് 'ബ്ലൈന്‍ഡ്‌ഫോള്‍ഡ്'.  ഈ പരീക്ഷണാത്മക ചുവടുവെപ്പ് മലയാളസിനിമയ്ക്ക്  മാത്രമല്ല  ഇന്ത്യന്‍  സിനിമയ്ക്ക്  തന്നെ അഭിമാനകരമാണ്.

Blindfold Landscape posters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES