പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവാഹത്തിന് ഭാഗ്യയുടെയും ശ്രേയസ്സിന്റെയും വിവാഹ വിരുന്ന് പുരോഗമിക്കുകയാണ്. ഗരുവായൂരിലെ ശ്രീ ഗോകുലം പാര്‍ക്ക് ഹോട്ടലിലാണ് വിവാഹ വിരുന്ന് നടക്കുന്നത്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം. താരസമ്പന്നമായിരുന്നെങ്കിലും വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ വിവാഹമണ്ഡപത്തിലേക്ക് എത്തിയത്.
ആഭരണത്തില്‍ മുതല്‍ മുല്ലപ്പൂവില്‍ വരെ ഭാഗ്യ സിംപ്ലിസിറ്റി കൊണ്ടുവന്നിരുന്നു. ഓറഞ്ച് പട്ട് സാരിയായിരുന്നു ഭാഗ്യയുടെ വേഷം. ഇതിനൊപ്പം സീക്വന്‍സ് വര്‍ക്കിലുള്ള ബ്ലൗസാണ് ധരിച്ചിരുന്നത്. ഒരു നെക്ലസ് മാത്രമാണ് കഴുത്തില്‍ അണിഞ്ഞിരുന്നത്. ജിമിക്കി കമ്മലാണ് കാതിലുണ്ടായിരുന്നത്. കയ്യില്‍ ഓരോ വളയും അണിഞ്ഞിരുന്നു. കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരന്‍ ശ്രേയസ് എത്തിയത്.
പച്ച നിറത്തിലുള്ള ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്‌ഗോപിയുടെ വേഷം. ഓറഞ്ച് നിറത്തിലെ പട്ടുസാരിയാണ് രാധിക അണിഞ്ഞിരുന്നത്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നടന്മാരായ ജയറാം, ബിജു മേനോന്‍, ദിലീപ്, നടിമാരായ ഖുശ്ബു, കാവ്യാ മാധവന്‍, പാര്‍വതി, രചന നാരായണന്‍ കുട്ടി, സരയു, സംവിധായകരായ ഹരിഹരന്‍, ഷാജിെൈ കലാസ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.
ഇനി ഡിസംബര്‍ 19-ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിവാഹ വിരുന്ന് നടത്തും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20-ാം തിയ്യതി തിരുവനന്തപുരത്തും റിസപ്ഷനുണ്ടാകും.
താലി കെട്ടിയതിന് ശേഷം ഭാഗ്യയ്ക്കും ശ്രേയസിനും വരണമാല്യം എടുത്തു നല്‍കിയത് പ്രധാനമന്ത്രിയാണ്. ഇരുവരും മോദിയുടെ കാലില്‍തൊട്ട് അനുഗ്രഹവും വാങ്ങി. സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനമായി നല്‍കി.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരനിര മണ്ഡപത്തിന് മുന്നില്‍ നിന്ന് വിവാഹച്ചടങ്ങുകള്‍ വീക്ഷിച്ചു. നേരത്തെ സുരേഷ് ഗോപിയാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. രാവിലെ 8.45-ന് ആയിരുന്നു താലികെട്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ കൈക്കുഞ്ഞുമായി നിന്ന് മുല്ലപ്പൂ വില്‍ക്കുന്ന ധന്യയാണ് ഭാഗ്യയുടെ വിവാഹത്തിനുള്ള മുല്ലപ്പൂ ഒരുക്കിയത്. 300 മുഴം മുല്ലപ്പൂവാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടതെങ്കിലും 500 മുഴം മുല്ലപ്പൂ നല്‍കിയെന്നും ധന്യ പറയുന്നു. ധന്യ തന്നെയാണ് വിവാഹത്തിനുള്ള റോസാ പൂക്കളുടെ ഓര്‍ഡറും ഏറ്റെടുത്തത്. പ്രധാമന്ത്രി വധൂവരന്മാരെ അനുഗ്രഹിച്ചത് ഈ റോസ് പൂവിന്റെ ഇതളുകള്‍കൊണ്ടാണ്.