മമ്മൂട്ടിയെ നേരില്‍ കണ്ട സീതാലക്ഷ്മി എന്ന അമ്മാളു അമ്മയുടെ വീഡിയോ ഇക്കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. മമ്മൂട്ടി സിനിമയില്‍ എത്തിയ കാലം മുതല്‍ ഉള്ളില്‍ സൂക്ഷിച്ച ആഗ്രഹം നടി സീമാ ജി നായരും പിഷാരടിയും പറവൂര്‍ സ്വദേശി മേമന വീട്ടില്‍ രാധിക മേനോനും ഇടപെട്ട് സഫലമാക്കുകയായിരുന്നു. ഇപ്പോളിതാ അമ്മാളു അമ്മ സിനിമദകിനോട് തന്റെ വിശേഷങ്ങളും തന്റെ ഇഷ്ട നടനെ നേരില്‍ കണ്ട അനുഭവവും പങ്ക് വക്കുകയാണ്.
മമ്മൂട്ടിയുടെ അടുത്തേക്ക് എത്തിയ അമ്മാളുഅമ്മയ്ക്ക് കത്തി നില്‍ക്കുന്ന താരസൂര്യന്റെ ചൂടായിരുന്നില്ല അനുഭവപ്പെട്ടത്. കൊടുംവേനലില്‍ പ്രതീക്ഷിക്കാതെപെയ്ത മഴയുടെ തണുപ്പായിരുന്നു. മഴ നനഞ്ഞത് പൊലെ എനിക്ക് കുളിര് കോരി എന്നാണ് അമ്മാളുഅമ്മ പറയുന്നത്. മമ്മുട്ടി എന്ന മലയാളത്തിന്റെ മമ്മുക്ക തന്റെ ആരാധികയായ അമ്മാളു അമ്മയെ കണ്ടപ്പോള്‍ ചേര്‍ത്ത് പിടിക്കുകയായിരുന്നു. മുപ്പത്തി അഞ്ച് വര്‍ഷമായി കൊണ്ട് നടന്ന ആഗ്രഹം സഫലമായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിച്ചു പോയത്രെ. അത് കൊണ്ട് തന്നെ മമ്മൂട്ടി എന്ത് പറഞ്ഞു.നിങ്ങള്‍ എന്തോക്കെ സംസാരിച്ചു എന്നുളള ചോദ്യങ്ങള്‍ക്ക് അറിയില്ല എന്നാണ് അമ്മയുടെ ഉത്തരം. മമ്മുക്ക എന്നേ ചേര്‍ത്ത് പിടിച്ചത് മാത്രമാണ് ഓര്‍മ്മ.
ആത്മാര്‍ത്ഥമായ ആഗ്രഹത്തെ സഫലമാക്കാന്‍ പ്രകൃതി നിങ്ങളോടോപ്പം നില്‍ക്കും പൗലോകൊയ്ലയുടെ വിശ്വവിഖ്യാതമായ ആല്‍കെമിസ്റ്റിന്റെ സാരംശം അന്വര്‍ത്ഥമാക്കുകന്നതാണ് അമ്മാളു അമ്മയുടെ കഥയും.നോര്‍ത്ത് പറവൂര്‍ ജംഗ്ഷനിലെ സീതാലക്ഷ്മി അമ്മാള്‍ എന്ന അമ്മാളു അമ്മ പൗലോകൊയ്ലയുടെ ആല്‍ക്കമസ്റ്റിനെ വായിച്ചിട്ടില്ല എങ്കിലും ആഗ്രഹം അത് തീവ്രമായിരുന്നു. ആഗ്രഹം സാധിച്ചു കൊടുക്കാന്‍ പ്രക്യതിയായി ഭവിച്ചത് രാധിക എന്ന സാമൂഹികപ്രവര്‍ത്തകയും അവര്‍ വഴി അഭിനേത്രിയും സാമൂഹികപ്രവര്‍ക്കയുമായ സീമാ ജീ നായരും അവര്‍ വഴി നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടിയും ആയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടിയോട് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും 1999 ല്‍ റീലിസായ പല്ലാവൂര്‍ ദേവനാരായണനാണ് മമ്മൂട്ടിയോട് അടങ്ങാത്ത ആരാധന തോന്നാന്‍ കാരണമായത് എന്ന് അമ്മാളു അമ്മ പറയുന്നു. അന്ന് മുതല്‍ മമ്മൂട്ടിലെ നേരില്‍ കാണാന്‍ ശ്രമിക്കുകയാണ്. ദിവസവും ജോലി കഴിഞ്ഞ് ഈ കാര്യം പറഞ്ഞ് രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും കാണും. അറിയാവുന്ന പത്ര ഓഫീസുകളിലും കേബില്‍ ടീവി ഓഫീസുകളിലും കയറി ഇറങ്ങും. ഇത് ദിനചര്യയാണ്. അതിനിടയില്‍ പല മാധ്യമങ്ങളിലും അമ്മാളു അമ്മയെ പറ്റി വാര്‍ത്ത വന്നു. തന്നെ കാണാന്‍ വന്നവരോട് എല്ലാം അമ്മ തന്റെ മമ്മൂട്ടി പ്രേമത്തിന്റെ കാര്യം പറഞ്ഞിരുന്നു. എന്നാല്‍ അത് ഒന്നും ഫലമുണ്ടാക്കിയില്ല.
അങ്ങനെ ഇരിക്കയാണ് നോര്‍ത്ത് പറവൂര്‍ സ്വദേശിയായ രാധിക അമ്മാളു അമ്മയുടെ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്. സ്ഥിരമായി ഓരേ കാര്യം അമ്മാളു അമ്മ ആവര്‍ത്തിച്ച് പറയുന്നത് രാധികയുടെ മനസിലുടക്കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ തന്റെ അമ്മ പറയുന്നത് പൊലെയാണ് തനിക്ക് തോന്നിയത് എന്ന് രാധിക പറയുന്നു. അമ്മാളു അമ്മക്കായി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിച്ചപ്പോഴാണ് അഭിനേത്രിയും സാമൂഹികപ്രവര്‍ക്കയുമായ സീമാ ജീ നായരുടെ കാര്യം ഓര്‍മ്മ വന്നത്. മുന്‍പ് ചില സാമൂഹികപ്രശ്നങ്ങളില്‍ ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു.രാധിക അമ്മാളു അമ്മയുടെ കാര്യം സീമാ ജി നായരെ അറിയിക്കുന്നു.
ഒരുപാട് ആളുകള്‍ മമ്മുക്കയെയും ലാലേട്ടനെയും കാണണം എന്ന് പറഞ്ഞ് വരാറുണ്ട്. മിക്കവരുടെയും ആവിശ്യം സഹായം ആയിരിക്കും അങ്ങനെ ഒരാള്‍ ആയിരിക്കും അമ്മാളുഅമ്മയും എന്നാണ് താന്‍ കരുതിയത് എന്ന് സീമാ ജിനായരും പറയുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ അമ്മാളു അമ്മയെ പറ്റി കൂടുതല്‍ തിരക്കിയപ്പോഴാണ് അമ്മാളു അമ്മയെ പറ്റി വര്‍ഷങ്ങളായി ഈ ആഗ്രഹവുമയി ജീവിക്കുകയാണ് എന്ന് മനസിലാക്കുന്നത് . ജനുവിനായ മോഹമാണ് എന്ന് മനസിലാക്കിയ സീമാ ജി നായര്‍ രമേഷ് പിഷാരടിയുമായി ബന്ധപ്പെടുകയും പിഷാരടി മമ്മൂട്ടിയുടെ മുന്നില്‍ ഇത് അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് അമ്മയ്ക്ക് ജീവിതാഭിലാഷം സാധ്യമാകുന്നത്. ആരാധികയെ കണ്ട മമ്മൂട്ടി സ്നേഹത്തോടെ വാരിപുണര്‍ന്ന് ചേര്‍ത്ത് നിര്‍ത്തി സമ്മാനങ്ങള്‍ നല്‍കി.
നോര്‍ത്ത് പറവൂര്‍ ജംഗ്ഷനിലെ നിറസാന്നിധ്യമാണ് സീതാലക്ഷമി അമ്മാള്‍ . നാട്ടുകാര്‍ സ്നേഹത്തൊടെ വിളിക്കുന്ന പേരാണ് അമ്മാളു അമ്മ എന്ന്. ജംഗ്ഷിനിലെ വ്യാപാരസ്ഥപനങ്ങളുടെ മുന്‍ഭാഗം അടിച്ചു വാരുന്നതാണ് അമ്മാളു അമ്മയുടെ ജോലി. പുലര്‍ച്ചെ നാല് മണിയ്ക്ക് മൂന്ന് കിലോമീറ്ററോളം നടന്ന് ജംഗ്ഷനിലെത്തുന്ന അമ്മ തന്റെ അടിച്ചു വാരല്‍ ജോലികള്‍ ചെയ്യാന്‍ ആരംഭിക്കും. നോര്‍ത്ത് പറവൂര്‍ ജംഗ്ഷനിലൂടെ ഒരു തവണ എങ്കിലും കടന്ന് പോയിട്ടുളളവര്‍ക്ക് കാണാതെ പോകാന്‍ ആവില്ല ഈ അമ്മയെ എന്നാണ് ജംഗ്ഷനിലെ ആളുകള്‍ പറയുന്നത്. കാക്കയോടും പൂച്ചയോടും മൈല്‍കുറ്റിയോട് പോലും സംസാരിക്കും. സ്ഥിരം ആളുകളോട് വിശേഷം ചോദിക്കാതെ വിടില്ല. ആരെലും സംസാരിക്കാതെ പോയാല്‍ പിന്നെ പിണക്കമായി.വലതു കയ്യില്‍ ചൂലും ഇടതു കയ്യില്‍ അടിച്ചുവാരിയും ചുമലില്‍ ചാക്കുകെട്ടുമായി നഗരത്തിന്റെ വഴിയോരങ്ങള്‍ വൃത്തിയാക്കുന്ന അമ്മാളു അമ്മ പറവൂരുകാരുടെ പ്രഭാത കാഴ്ച്ചകളിലൊന്നാണ്.