സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.
ഞാന്‍ എന്റെ സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ കണ്ടെത്തി. ആര്‍ക്കും ബാദ്ധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോകളും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ ഒടിടിയും ചെയ്യും.
സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാവുന്നില്ല, പക്ഷേ മറ്റ് മാര്‍ഗമില്ല. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാവുമ്പോള്‍ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും'- കുറിപ്പിലൂടെ അല്‍ഫോന്‍സ് വ്യക്തമാക്കി.
പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശങ്ക അറിയിച്ച് കമന്റ് ചെയ്തത്. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സംവിധായകന്‍ പോസ്റ്റ് നീക്കം ചെയ്തു. അല്‍ഫോന്‍സ് പുത്രനില്‍ നിന്ന് വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഗോള്‍ഡിന് ശേഷം തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്ന് കഴിഞ്ഞ ജൂലൈയിലാണ് അല്‍ഫോന്‍സ് ആരാധകരെ അറിയിച്ചത്. ഗിഫ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവ നിര്‍വഹിക്കുന്നതും താന്‍ തന്നെയാണെന്നായിരുന്നു അറിയിച്ചത്. ഇളയരാജ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ഏഴ് പാട്ടുകള്‍ ഉണ്ടാകും. ഇളയരാജയും ഒരു ഗാനം ആലപിക്കുന്നുണ്ട്. ഗിഫ്റ്റിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.
സാന്‍ഡി, കോവൈ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. റോമിയോ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. നേരം,പ്രേമം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പുത്രന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗോള്‍ഡ് വന്‍ പരാജയമായിരുന്നു.നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയായിരുന്നു. പൃഥ്വിരാജും നയന്‍താരയുമായിരുന്നു നായികാനായകന്‍മാര്‍. നേരം 2 , പ്രേമം 2 എന്നല്ല താന്‍ ഈ സിനിമയ്ക്കു പേരിട്ടതെന്നും ഗോള്‍ഡ് എന്നാണെന്നും അല്‍ഫോന്‍സ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ തന്റെ മുഖം കാണിക്കില്ലെന്നും താന്‍ ആരുടെയും അടിമയല്ലെന്നും അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.