റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്; ചിത്രം പൊട്ടിയതല്ല, പൊട്ടിച്ചത്... മഹാനും കൂട്ടരും പെടും, ഞാന്‍ പെടുത്തും: ഫേസ്ബുക്ക് കുറിപ്പുമായി അല്‍ഫോന്‍സ് പുത്രന്‍

Malayalilife
 റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്; ചിത്രം പൊട്ടിയതല്ല, പൊട്ടിച്ചത്... മഹാനും കൂട്ടരും പെടും, ഞാന്‍ പെടുത്തും: ഫേസ്ബുക്ക് കുറിപ്പുമായി അല്‍ഫോന്‍സ് പുത്രന്‍

പൃഥ്വിരാജ് ചിത്രം ഗോള്‍ഡ് പരാജയപ്പെട്ടതല്ല മറിച്ച് പരാജയപ്പെടുത്തിയതാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തിയറ്ററുകളില്‍ മാത്രമാണ് ഗോള്‍ഡ് പരാജയപ്പെട്ടതെന്നും റിലീസിന് മുമ്പ് 40 കോടി നേടിയ ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡെന്നും അല്‍ഫോന്‍സ് പുത്രന്‍ ആരാധകന്റെ കമന്റിന് മറുപടിയായി ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ ചിത്രം തിയറ്ററുകളില്‍ പരാജയപ്പെടുത്തിയവരെ പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

'പടം പൊട്ടിയതല്ല, പൊട്ടിച്ചതിലാണ് പ്രശ്നം. റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്. ചിത്രം ഫ്ളോപ്പ് അല്ല, തിയറ്ററില്‍ പരാജയമാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയാണ്. ഒരുപാട് നുണകള്‍ എന്നോട് പറഞ്ഞു. കിട്ടിയ തുകയും എന്നില്‍ നിന്ന് മറച്ചുവെച്ചു. ആരും സഹായിച്ചില്ല. പുട്ടിന് പീര എന്ന പോലെ ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രം എന്നാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്.

സിനിമയില്‍ ഏഴ് ജോലികള്‍ ഞാന്‍ ചെയ്തിരുന്നു. പ്രമോഷന്‍ സമയത്ത് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മാറി നിന്നിരുന്നു. ബാക്കിയെല്ലാവരും സംസാരിക്കുമെന്നാണ് കരുതിയത്. ഗോള്‍ഡ് പരാജയപ്പെട്ടത് തിയറ്ററുകളില്‍ മാത്രമാണ്. ഇനിയും പ്രേമത്തിന്റെ പണം തിയറ്ററുകളില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. തിയറ്ററുകളില്‍ ആളെക്കൊണ്ട് കൂവിച്ച മഹാനും മഹാന്റെ കൂടെയുള്ളവരും എല്ലാം പെടും. ഞാന്‍ പെടുത്തും'- അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

നിവിന്‍ പോളിയുമായി ചേര്‍ന്ന് ആദ്യകാലങ്ങളില്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന്റെ ചിത്രം അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിന് ചുവടെയായി 'ഒരു ചിത്രം പരാജയപ്പെട്ടാല്‍ എന്തിനാണ് ഇത്രയും ഡിപ്രസാകുന്നത്. അങ്ങനെയാണെങ്കില്‍ ലാലേട്ടനൊക്കെ ഇന്‍ഡസ്ട്രിയില്‍ കാണുമോ. ഒരു ഗോള്‍ഡ് പോയാല്‍ ഒമ്പത് പ്രേമം വരും. പോസിറ്റീവായി ഇരിക്കൂ. ശക്തമായി തിരിച്ചു വരൂ'...എന്ന ആരാധകന്റെ കമന്റിനായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ മറുപടി.

ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചിരുന്നു. തനിക്ക് ഓട്ടിസം സപെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്നുമാണ് അല്‍ഫോന്‍സ് പറഞ്ഞത്. പിന്നീട് പോസ്റ്റ് അല്‍ഫോന്‍സ് തിരുത്തിയിരുന്നു.

alphonse puthren about gold movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES