ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും അറുപതോളം പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ട്ടപെട്ടു. തന്റെ വീട്ടില്‍ നിന്ന് 3,60,000 രൂപ വിലമതിക്കുന്ന ആഭരങ്ങളാണ് കാണാതായിരിക്കുന്നതെന്ന് താരം പറഞ്ഞു. തന്റെ സഹോദരി സൗന്ദര്യ രജനികാന്തിന്റെ വിവാഹ വേളയില്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നുവെന്നും അത് വീട്ടിലെ ലോക്കറില്‍ മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ക്കൊപ്പം പൂട്ടിയതായും ഐശ്വര്യ പറഞ്ഞു. ചെന്നൈയിലെ തെയ്നാംപേട്ട് പൊലീസ് സ്റ്റേഷനില്‍ ഐശ്വര്യ പരാതി നല്‍കിയിട്ടുണ്ട്.
മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഐശ്വര്യയുടെ പരാതി. സംഭവത്തില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞുഅറുപത് പവനോളം നഷ്ടമായെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2019ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹശേഷം ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. പിന്നീട് ഈ ലോക്കര്‍ പല തവണയായി മൂന്ന് സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു.
ലോക്കറിന്റെ താക്കോല്‍ തന്റെ കിടപ്പുമുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം ജോലിക്കാര്‍ക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10ന് ലോക്കര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ കാര്യം മനസിലായതെന്നും. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് അവയെന്നും ഐശ്വര്യ പറഞ്ഞു.
പൊലീസിന് നല്‍കിയ പരാതിയില്‍ തെയ്നാംപേട്ടിലെ വീട്ടില്‍ തന്നോടൊപ്പം താമസിച്ചിരുന്ന വേലക്കാരിയെ ഐശ്വര്യയ്ക്ക് സംശയം ഉള്ളതായി പറഞ്ഞിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോയെന്നും വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി, ഡ്രൈവര്‍ വെങ്കട്ട് എന്നിവരെ സംശയിക്കുന്നുവെന്നും തന്റെ അഭാവത്തില്‍ അവര്‍ വീട്ടില്‍ എത്താറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഡയമണ്ട് സെറ്റുകള്‍, പുരാതന സ്വര്‍ണാഭരണങ്ങള്‍, നവരത്‌നം സെറ്റുകള്‍, വളകള്‍, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവന്‍ എന്നിവയാണ് മോഷണം പോയത്. മോഷണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഐപിസി സെക്ഷന്‍ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഐശ്വര്യ രജനികാന്ത് ഇപ്പോള്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാല്‍ സലാമിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്.