അഭിഷേക് ബച്ചനും ഐശ്വര്യ റായ് യും പിരിയുന്ന എന്ന അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി ഇപ്പോഴിതാ ആരാധ്യയുടെ സ്‌കൂള്‍ വാര്‍ഷികത്തിന് ഒരുമിച്ചെത്തിയിരിക്കുകയാണ് താരദമ്പതിമാര്‍. ഇവര്‍ക്കൊപ്പമെത്തിയ അമിതാഭ് ബച്ചന്റെയും വീഡിയോയും തരംഗമാകുകയാണ്.
ആരാധ്യ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വാര്‍ഷിക ആഘോഷത്തില്‍ മുഖ്യാതിഥികളായിരുന്നു ഇവര്‍. താരദമ്പതികളോടൊപ്പം ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനുമുണ്ടായിരുന്നു.
ഏറെക്കാലമായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം ഐശ്വര്യ റായ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കറുത്ത നിറത്തിലുള്ള സല്‍വാര്‍ കമീസില്‍ അതിസുന്ദരിയായി ഐശ്വര്യയും ബ്ലാക്ക് ഹുഡീസും പാന്റ്‌സും ധരിച്ച് അഭിഷേക് ബച്ചനും കൂളായി തിളങ്ങി. അമിതാഭ് ബച്ചന്‍ ഗ്രേ സ്യൂട്ടിലാണ് എത്തിയത്. താഴെ കിടന്ന ഐശ്വര്യയുടെ ദുപ്പട്ടയില്‍ ചവിട്ടാതിരിക്കാന്‍ കൈയില്‍ പിടിച്ചുകൊണ്ട് നടന്നുവരുന്ന അഭിഷേക് ബച്ചന്റെ വീഡിയോയും നന്നായി കെയര്‍ ചെയ്യുന്ന അഭിഷേകിന്റെ മാനറിസങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.
സ്‌കൂളിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് മാനേജ്‌മെന്റ് ഒരുക്കിയിരുന്നത്. ഇരുവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമിതാഭ് ബച്ചന്റെ ചിത്രവും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങളെ വീഡ്ഢിത്തം എന്നാണ് അമിതാഭ് ബച്ചന്‍ വിശേഷിപ്പിച്ചത്. ഇത് വ്യാജ പ്രചരണമാണെന്നും തെറ്റായ വിവരങ്ങള്‍ പങ്കുവക്കുന്നത് അവസാനിപ്പിക്കണമെന്നും അമിതാഭ് ബച്ചന്‍ കുറിച്ചിരുന്നു.
ബോളിവുഡിലെ മിക്ക സൂപ്പര്‍താരങ്ങളുടെയും മക്കള്‍ ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഷാരൂഖ് ഖാന്‍, ഷാഹിദ് കപൂര്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ധീരുഭായ് അംബാനി സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തിരുന്നു.