മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന അധികം സമയവും ചിലവഴിക്കാറുള്ളത്. എന്നാൽ ഇപ്പോൾ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് ശോഭന തുറന്ന് പറയുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
''മണിച്ചിത്രത്താഴ് ' എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാള്‍ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എന്‍െറ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു...ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം.സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു. ' ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.'മണിച്ചിത്രത്താഴ്' 1993 ഡിസംബര്‍ 23നാണ് തിയേറ്ററുകളിലെത്തിയത്. ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചതും.