മലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും ഇപ്പോള്‍ പൊന്നമ്മ പ്രേക്ഷകര്‍ക്ക് സ്വാദ് വിളമ്പുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചും പൊന്നമ്മ ബാബുവിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍, പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും പൊന്നൂസ് എന്നാണ് വിളിക്കാറുള്ളത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിസാര്‍ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ദൈവം അനുഗ്രഹിച്ച് എനിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ലോക് ഡൗണ്‍ കാലത്തായിരുന്നു പൊന്നമ്മാസ് കലവറ തുടങ്ങിയത്. ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം വന്നത്. വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. മക്കളെല്ലാം കുടുബമായി സെറ്റിലാണ്. സിനിമയുമായി ഞാനെപ്പോഴും തിരക്കിലാണ്. ചാനലുകളില്‍ കുക്കറി പരിപാടികളെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നുള്ളവരെല്ലാം മികച്ച പിന്തുണയാണ് തന്നത്. ഇപ്പോ ഓണ്‍ലൈനായി നന്നായി പോവുന്നുണ്ട് പൊന്നമ്മാസ് കലവറ.
16ാമത്തെ വയസിലായിരുന്നു വിവാഹം. വിവാഹശേഷം ബ്രേക്കെടുത്തിരുന്നു. പിള്ളേരേടൊപ്പം ഞാനും വളരുകയായിരുന്നു. മൂന്ന് മക്കളാണ് എനിക്ക്. എല്ലാവരും വിദേശത്താണ്. അത്രയും കഷ്ടപ്പെട്ടാണ് അവരെ പഠിപ്പിച്ചത്. മക്കളുടെ വിവാഹവും അവര്‍ക്ക് മക്കളായി, ഇതൊക്കെ കാണാന്‍ ദൈവം ഭാഗ്യം തന്നു, നേരത്തെ കല്യാണം കഴിച്ചോണ്ട്.
നാടകം കളിച്ച സമയത്ത് ജനകോടികളുണ്ടായിരുന്നു. സിനിമയിലെത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് നമ്മുടെ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നത്. ദൈവാനുഗ്രഹമായാണ് ഇതിനെ കാണുന്നത്. അമ്മയുടെ ഷോയില്‍ ലാലേട്ടന്റെയും മമ്മൂക്കയുടേയും കൂടെ ഡാന്‍സ് ചെയ്തിരുന്നു. ഹണി റോസും ഞാനുമായിരുന്നു അമ്മയുടെ ഷോയില്‍ ഡാന്‍സ് ചെയ്തത്.