ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും താരം ഇപ്പോൾ സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ നടന്‍ ദിലീപിനെക്കുറിച്ചുള്ള രസകരമായ ചില ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
ഇടയ്ക്കിടെ മൂക്ക് ചൊറിയുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ഒരിക്കല്‍ ഷൂട്ടിനിടെ ദിലീപേട്ടന്‍ എന്റെയടുത്ത് വന്ന് എന്തോ പൊടി, അത് തട്ടിക്കളയൂ എന്ന് പറഞ്ഞു. ഞാന്‍ മൂക്ക് ചൊറിയുന്നതിനിടെ എന്റെയടുത്ത് യൂണിറ്റിലെ ഒരു ചേട്ടന്‍ എന്തോ ആവശ്യത്തിനായി വന്നു. ദിലീപേട്ടന്‍ എന്നോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ പരിചയപ്പെടുത്തിത്തന്നു. സംസാരിക്കാന്‍ കഴിയാത്തയാളാണെന്നും യൂണിറ്റിലുള്ളതാണെന്നും പറഞ്ഞു.
ഇത് പറഞ്ഞയുടനെ അയാള്‍ എന്നെ നോക്കി എന്തൊക്കെയോ ശബ്ദമുണ്ടാക്കി അവിടെ നിന്നും വേഗം പോയി. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. ദിലീപേട്ടന്‍ പിന്നാലെ പോയി അയാളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നതും സോറി പറയുന്നതുമൊക്കെ ഞാന്‍ കേട്ടു. കുറേ നേരമായിട്ടും ബഹളം മാറുന്നില്ല. സെറ്റിലെ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും പിന്നെ അതിലേക്കായി. കുറച്ച് കഴിയുമ്ബോള്‍ അയാള്‍ ദിലീപേട്ടനെ തല്ലുന്നു, പിന്നെ ദിലീപേട്ടനും തിരികെ തല്ലുന്നു. ഞാന്‍ ആകെ അന്തംവിട്ടിരിക്കുകയാണ്. സെറ്റില്‍ ഇങ്ങനെയുള്ള വഴക്കുകള്‍ ഉണ്ടാകുമെന്ന് വിചാരിക്കുന്നതേ ഇല്ലല്ലോ.
കുറച്ചു കഴിഞ്ഞപ്പോള്‍ ദിലീപേട്ടന്‍ എന്റെയടുത്തുവന്നു പറഞ്ഞു. ഇങ്ങനെയുള്ള ആളുകളുടെ മുന്നില്‍വെച്ച് മൂക്ക് ചൊറിയുന്നത് അവരെ കളിയാക്കുന്നതിന് തുല്യമാണ്. നീ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. എനിക്കിത് പുതിയ അറിവായിരുന്നു. ഞാന്‍ ദിലീപേട്ടനോട് സോറിയൊക്കെ പറഞ്ഞു. ഞാന്‍ കാരണം ദിലീപേട്ടന്‍ പെട്ടുപോയല്ലോ എന്ന് ഓര്‍ത്ത് സഹതാപം തോന്നി. പക്ഷെ, അപ്പോഴും ആ ചേട്ടന്‍ നിന്ന് കരയുകയും ഒച്ചയിടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞതോടെ ലൊക്കേഷന്‍ ആകെ നിശബ്ദമായി. ആരും ഒന്നും സംസാരിക്കുന്നില്ല. ഇടയ്ക്ക് സിബി അങ്കിളും വേണുവങ്കിളുമൊക്കെ എന്നോട് വന്ന് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. എനിക്ക് കൂടുതല്‍ ടെന്‍ഷനായി കരച്ചിലൊക്കെ വരാന്‍ തുടങ്ങി. മറ്റുള്ളവരോട് സംസാരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ സിബി അങ്കിള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പൊട്ടിക്കരഞ്ഞുപോയി. ദിലീപേട്ടന്‍ ഇടയ്ക്കിടെ വന്ന് വിഷമിക്കേണ്ട എന്നൊക്കെ പറയുമായിരുന്നു. അപ്പോഴാണ് കൂടുതല്‍ വിഷമമാകുന്നത്.
അന്ന് വൈകിട്ടായിരുന്നു കാണുമ്ബോള്‍ പറയാമോ എന്ന പാട്ടിന്റെ ഷൂട്ട്. ഷൂട്ടിന് സമയമാകാറായപ്പോള്‍ മുമ്ബേ പറഞ്ഞ ആ ചേട്ടന്‍ ഒച്ചത്തില്‍ എന്തോ പറഞ്ഞുകൊണ്ട് പോകുന്നു, ലൈറ്റ് ശരിയാക്ക്, അവിടെ അത് ഓക്കെ ആക്ക് എന്നൊക്കെ, ഞാന്‍ നോക്കുമ്ബോള്‍ അയാള്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നെ പറ്റിക്കാന്‍ വേണ്ടി ദിലീപേട്ടനും ആ ചേട്ടനും കൂടി ഡ്രാമ കളിച്ചതായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. അവരുടെ തല്ല് കണ്ടാല്‍ ഒറിജിനല്‍ ആണെന്നേ പറയൂ. അത്രയ്ക്ക് അഭിനയമായിരുന്നു.