വളരെക്കുറച്ച് കാലം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് കാജല്‍ അഗര്‍വാള്‍. 2020ല്‍ ബിസിനസുകാരനായ ഗൗതം കിച്ച്ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ താരം സിനിമകളില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു.എന്നാല്‍ പിന്നീട് വീണ്ടും താരം സിനിമുകളുമായി സജീവമായി. എന്നാല്‍ ഇപ്പോള്‍ താരം സിനിമ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്.
ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍-2വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതോടെ കാജല്‍ അഗര്‍വാള്‍ സിനിമ വിടുമെന്നാണ് വാര്‍ത്തകള്‍.
താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളും അഭ്യൂഹം സജീവമാവാന്‍ കാരണമായിട്ടുണ്ട്. താന്‍ കമ്മിറ്റ്മെന്റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു ട്വീറ്റ്.മകന്‍ നീലിനൊപ്പെം പങ്കിടാന്‍ സമയം കണ്ടെത്താനായാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സിനിമയില്‍നിന്നും പൂര്‍ണമായും മാറിനില്‍ക്കുമോ, അതോ താത്കാലികമായൊരു ഇടവേളയാണോ താരം എടുക്കുന്നതെന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ല.
2004ല്‍ സമീര്‍ കാര്‍ണികിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ക്യുന്‍ ഹോ ഗയ നാ' എന്ന ഹിന്ദി ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്താണ് കാജല്‍ അഗര്‍വാളിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 2007ല്‍ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി.
2009 ല്‍ എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ മഗധീര കാജലിന്റെ കരിയര്‍ ഹിറ്റുകളിലൊന്നായിരുന്നു. ഇതു കൂടാതെ, ആര്യ 2, ഡാര്‍ലിംഗ്, ബൃന്ദാവനം, മിസ്റ്റര്‍ പെര്‍ഫെക്റ്റ്, ജില്ല, തുപ്പാക്കി, മെര്‍സല്‍, ഹേയ് സിനാമിക, വിവേകം, മാരി അടക്കം തമിഴിലും തെലുങ്കിലുമായി മാസ് ഹിറ്റ് സിനിമകളില്‍ അവര്‍ തന്റെ പ്രകടനം കാഴ്ച വച്ചിരുന്നു.