മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. ഉണ്ണി മുകുന്ദന്‍ നടൻ സുരേഷ് ഗോപിയോടൊപ്പമുള്ള തന്റെ ചിത്രം കുറച്ച് നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ഉണ്ണി മുകുന്ദന്‍. കാന്‍ ചാനല്‍ മീഡിയയോടായിരുന്നു ഉണ്ണി മുകുന്ദന്‍ മനസ് തുറന്നത്.
എറണാകുളം ലുലു മാരിയറ്റില്‍ കഥ കേള്‍ക്കാനായി എത്തിയതായിരുന്നു ഉണ്ണി മുകുന്ദന്‍ു. തിരക്കഥ വായന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സുരേഷ് ഗോപി അവിടെ ഉണ്ടെന്നറിയുന്നത്. അദ്ദേഹവും ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പിന്നാലെ താന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. എന്നാല്‍ തന്റെ നമ്പര്‍ അദ്ദേഹം സേവ് ചെയ്യാന്‍ സാധ്യതയില്ലെന്നായിരുന്നു താന്‍ കരുതിയത്. പക്ഷേ ഫോണ്‍ എടുക്കുമ്പോള്‍ തന്നെ സുരേഷ് ഗോപി തന്നെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ആവശ്യം അറിയിച്ചപ്പോള്‍ വരാന്‍ പറഞ്ഞുവെന്നും ഈ തന്നോടൊപ്പം വേറെ ചിലരുണ്ടായിരുന്നു.
റൂമില്‍ ചെന്നപ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു സുരേഷ് ഗോപി. പുറത്തുനിന്ന് എവിടെനിന്നോ വരുത്തിയ കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങള്‍. കഴിക്കാന്‍ സുരേഷ് ഗോപി ക്ഷണിച്ചെങ്കിലും സ്‌നേഹത്തോടെ ഒഴിഞ്ഞുമാറി ഉണ്ണി മുകുന്ദന്‍. 'അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ചോദിക്കാനൊരു മടി. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ ഇന്നും എന്റെ സൂപ്പര്‍ ഹീറോകളാണ്. അവര്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെയാണ് അവര്‍ എന്റെ മനസ്സില്‍ ജീവിക്കുന്നത്. അതിനപ്പുറത്തേയ്ക്ക് ഒരു സ്വകാര്യത സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കതിന് കഴിയുകയുമില്ല' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. എന്നാല്‍ ഒടുവില്‍ ധൈര്യം സംഭരിച്ച് താന്‍ ചോദിക്കുകയായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
'ഒടുവില്‍ മടിച്ചുമടിച്ച് ഞാന്‍ ചോദിച്ചു. 'സുരേഷേട്ടനോടൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ?' 'പിന്നെന്താ' അദ്ദേഹം സ്‌നേഹത്തോടെ ക്ഷണിച്ചു. എനിക്കൊപ്പം വന്നവരാണ് ആദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. എന്റെ ഊഴമായപ്പോള്‍ ഞാന്‍ മടിച്ചു. അദ്ദേഹത്തെ ഇനിയും മുഷിപ്പിക്കണോ എന്ന് വിചാരിച്ച് നില്‍ക്കുമ്പോള്‍ സുരേഷേട്ടന്‍ വിളിച്ചു. 'എന്താ ഉണ്ണിക്ക് ഫോട്ടോ എടുക്കണ്ടേ.' ഞാന്‍ അനുസരണയുള്ള കുട്ടിയായി നിന്ന് ഫോട്ടോയെടുത്തു' എന്നാണ് ഉണ്ണി മുകുന്ദന്‍ ആ ഫോട്ടോയുടെ പിറവിയെക്കുറിച്ച് പറയുന്നത്.് സുരേഷേട്ടനെ നേരത്തെ തന്നെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോയാണ് ഇതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഫോട്ടോസെഷന്‍ കഴിഞ്ഞതിന് പിന്നാലെ യാത്രപറഞ്ഞ് ഇറങ്ങിയെന്നും താരം പറയുന്നു.
നല്ല മനുഷ്യസ്‌നേഹിയാണ് സുരേഷേട്ടന്‍. അതുകൊണ്ടാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ജെന്റില്‍ ജയന്റ് എന്ന്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സുരേഷ് ഗോപിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ കാവല്‍ ആയിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കാവല്‍. ഹിറ്റ് മേക്കര്‍ ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന പാപ്പന്‍ ആണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ കൂടിയായ നടന്‍ ഗോകുല്‍ സുരേഷും അഭിനയിക്കുന്നുണ്ട്. ഇതാദ്യമായിട്ടാണ് അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത്.