മലയാള സിനിമ പ്രേമികളുടെ പ്രിയ ആക്ഷൻ ഹീറോയാണ് നടൻ സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ അഭിനയവുമായി ബന്ധപ്പെട്ട മകന്റെ കാര്യങ്ങളിൽ താൻ ഇടപെടാതിരുന്നതിൽ ദുഖമുണ്ടെന്ന് നടൻ സുരേഷ് ഗോപി. മക്കൾ അവരുടെ വഴിക്ക് നീങ്ങട്ടെ എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും, എന്നാൽ ഗോകുലിന്റെ ഒരു പ്രകടനം തിയേറ്ററിൽ കണ്ടപ്പോൾ ഡബ്ബിംഗ് തിയേറ്ററിൽ താൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി എന്നും സുരേഷ് ഗോപി തുറന്ന് പറയുകയാണ്.
സുരേഷ് ഗോപിയുടെ വാക്കുകൾ-'എന്റെ മകൻ വന്നതും, ഇന്ന് നടന്നു നീങ്ങുന്നതും, നാളെ ഒരു ഓട്ടക്കാരനാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതുമൊന്നും ഞാൻ കാണുന്നില്ല. ഒരു മില്ലി മീറ്ററിന്റെ ഫ്രാക്ഷൻ പോലും അവനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല. അവനൊരു നിർദേശം പോലും കൊടുക്കുന്നില്ല. ഇരയാണ് അവന്റെ ഒരു സിനിമ എന്ന നിലയിൽ ആദ്യമായി തിയേറ്ററിൽ പോയി കാണുന്നത്. അതും എന്റെ ഭാര്യ നിർബന്ധിച്ചതുകൊണ്ട്. അവന്റെ മനസിനെ വല്ലാതെ അത് ബാധിക്കുന്നുണ്ടാകണം എന്നുപറഞ്ഞതുകൊണ്ട് തിയേറ്ററിൽ പോയി കണ്ടു.പടം കണ്ടുകൊണ്ടിരുന്നപ്പോൾ ഒരിടത്താണ് ഒരു അച്ഛൻ എന്ന നിലയിൽ വലിയൊരു മഹാപാപിയാണെന്ന് തോന്നൽ എനിക്കുണ്ടായത്.
കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു. ചാൻസ് വാങ്ങികൊടുക്കുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അല്ല, ഇന്നുവരെ ഞാനത് ആർക്കും ചെയ‌്തിട്ടുമില്ല. അവന്റെ ക്രിയേറ്റീവ് എബിലിറ്റി വളർത്തുന്നതിന് വേണ്ടി എനിക്ക് പ്രാപ്യമായ ഒരു എക്‌സ്‌പീരിയൻസുണ്ട്. അതിന്റെ ഒരംശം ഞാൻ നൽകണ്ടേ? ഞാനല്ലേ അവന് എല്ലാം നൽകിയത്. സിനിമയിലെ ഒരു സീനിൽ അവൻ ഡബ്ബ് ചെയ‌്ത സമയത്ത്, ഡബ്ബിംഗ് തിയേറ്ററിൽ ഞാനുണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിപ്പോയി. ഒന്നുകൂടി എന്റെ കുഞ്ഞിന് എനിക്ക് നന്നാക്കാമായിരുന്നു.'