നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. എന്നാൽ ഇപ്പോൾ പ്രാണ വായുലഭിക്കാതെ ജനങ്ങൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മരിക്കുമ്പോൾ തൃശ്ശൂരിൽനിന്ന് ഹൃദയംനിറയുന്ന ഒരു വാർത്തയാണ് മലയാളികളുടെ ഹൃദയം കവരാനായി എത്തുന്നത്. നടനും ജനനായകനുമായ സുരേഷ് ഗോപി കോവിഡിനെ നേരിടാൻ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിലെ ഒരു ഓക്സിജൻ വാർഡ് പൂർണ്ണമായി സുരേഷ് ഗോപി സ്പോൺസർ ചെയ്തു.
പദ്ധതി യഥാർഥ്യമാക്കിയത് എട്ടുമാസത്തിനുള്ളിലായിരുന്നു. സിലിൻഡർ മുഖേനയാണ് ഇവിടെ കോവിഡ് ചികിത്സയുടെ തുടക്കത്തിൽ ഓക്സിജൻ എത്തിച്ചിരുന്നത്. കോവിഡ് വാർഡിൽ വേഗം ‘പ്രാണ’ പദ്ധതി നടപ്പാക്കിയതുവഴി ഓക്സിജൻ ലഭ്യമാക്കാനായി. എന്നാൽ ഇപ്പോൾ പദ്ധതിവഴി രോഗികൾക്ക് മെഡിക്കൽ കോളേജ് പണംമുടക്കി വാങ്ങുന്ന ഓക്സിജനാണ് നൽകുന്നത്. ഒരാഴ്ചയ്ക്കകം ഓക്സിജൻ നിർമാണപ്ലാന്റിന്റെ പണി പൂർത്തിയാകും. ഇതോടെ ഓക്സിജൻ ഈ പ്ളാന്റിൽനിന്ന് ലഭ്യമാക്കും . പ്ളാന്റ് നിർമിച്ചത് കേന്ദ്രസർക്കാർ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ്. 250 യൂണിറ്റ് ഓക്സിജൻ ദിവസേന ഉത്പാദിപ്പിക്കാനാകും. ഓക്സിജൻ പ്ളാന്റും ‘പ്രാണ’ പദ്ധതിയും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നാലും ആശ്വാസമേകും.
പൊതുജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്താദ്യമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടപ്പാക്കിയ പദ്ധതി പൂർത്തിയായത്. പദ്ധതിവഴി ഓക്സിജൻ ആറുവാർഡുകളിൽ 500 കട്ടിലുകളിലാണ് എത്തിക്കുന്നത്. ഇത് വിഭാവനംചെയ്തത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ്. 12,000 രൂപയാണ് ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാനുള്ള ചെലവ്. പദ്ധതിയിൽ കോവിഡ് മുക്തരായവർ, ജീവനക്കാർ, ഡോക്ടർമാർ, ബിസിനസുകാർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പങ്കാളികളായിരിക്കുകയാണ്.