മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പി[പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ നിര്‍മാതാവായ ശേഷം മോഹന്‍ലാലില്‍ കണ്ട മാറ്റങ്ങളെപ്പറ്റി പറയുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. അദ്ദേഹം മോഹന്‍ലാലുമൊത്തുള്ള ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പരിപാടിയിലായിരുന്നു പങ്കുവെച്ചത്.
‘സത്യന്‍ അന്തിക്കാടും ഞാനും മോഹന്‍ലാലും നിര്‍മ്മിച്ചിരുന്ന സിനിമകള്‍ സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില്‍ നിര്‍മാതാവ് കെ.ടി. കുഞ്ഞുമോന്‍ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാന്‍ പറഞ്ഞു.ഒരു സിനിമ, മോഹന്‍ലാലും ഞാനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് ഒരു പടം നിര്‍മ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്‍കണമെന്നും പറഞ്ഞു.
സ്വഭാവികമായിട്ടും ഞാനും സത്യനും ആ ഓഫര്‍ വേണ്ടെന്ന് വെച്ചു. കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന്‍ വന്നവരല്ല ഞങ്ങള്‍. അപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല്‍ പിന്നെ നമ്മുടെ ചിന്ത മുഴുവന്‍ പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്.
എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മാതാവായി. അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഒരു അഭിനേതാവ് നിര്‍മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍.
എന്നാല്‍ സ്വന്തമായി സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടം വന്നത്. പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ ലാല്‍ ഒരു ഫിലോസഫറെ പോലെയായിരുന്നു. കാരണം പണം കുറെ പോയിക്കഴിയുമ്പോള്‍ ഫിലോസഫി വരും. ജീവിതം നിരര്‍ത്ഥകമാണ് എന്നൊക്കെ തോന്നും. ഒരു തവണ കുറെ ലക്ഷങ്ങള്‍ പോയ സാഹചര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു.
ആലപ്പുഴയില്‍ ഒരു ഹോട്ടല്‍മുറിയില്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ വളരെ വിഷാദമൂകനായി ഇരിക്കുന്ന ലാലിനെയാണ് കണ്ടത്. സന്ധ്യാസമയമായിരുന്നു. എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഈ സന്ധ്യ എന്നൊക്ക പറയുന്നത് എനിക്ക് വല്ലാത്ത വേദനയാണ് എന്നൊക്കെ പറഞ്ഞു.
സന്ധ്യയാകുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് എന്നൊക്കെ ലാല്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഈ സന്ധ്യാസമയത്ത് ഒരു അമ്പത് ലക്ഷം രൂപ ലാലിന്റെ കൈയ്യില്‍ ആരെങ്കിലും കൊണ്ടുതന്നാല്‍ സന്തോഷമാകുമോ എന്ന് ചോദിച്ചപ്പോള്‍ ആഹ് അപ്പോള്‍ നല്ല സന്തോഷമാകുമെന്നായിരുന്നു ലാലിന്റെ മറുപടി.പിന്നീട് ഒരിക്കല്‍ ഒരു സ്റ്റുഡിയോയില്‍ വെച്ച് കണ്ടപ്പോള്‍ ലാല്‍ പറഞ്ഞു ഹിമാലയം വരെ യാത്ര പോയാല്‍ കൊള്ളാമെന്നുണ്ട് എന്നൊക്കെ. സാമ്പത്തികമായി പൊളിഞ്ഞ് മാനസിക വിഷമത്തില്‍ നില്‍ക്കുമ്പോഴുള്ള പുള്ളിയുടെ ചിന്തകളാണ് ഇതൊക്കെ എന്നും ശ്രീനിവാസന്‍ പറഞ്ഞു.