മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ വന്ദനം സിനിമയിലെ നായികാ ഗിരിജയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നൽക അഭിമുഖയത്തിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.
'വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരിജ ഷെറ്റർ എന്ന പെൺകുട്ടിയാണ്. ഗിരിജയുടെ അച്ഛൻ ആന്ധ്രപ്രദേശുകാരനാണ്. അമ്മ വിദേശിയാണ്. ഇവർ കുടുംബത്തോടെ ഇംഗ്ലണ്ടിലാണ് താമസം. ഒരിക്കൽ പ്രിയദർശൻ ഇംഗ്ലണ്ടിൽ പോയപ്പോൾ ഗിരിജയുടെ വീട്ടിൽ പോയിരുന്നു. അച്ഛൻ കോടീശ്വരനായ ബിസിനസുകാരനാണ്. പക്ഷെ ഗിരിജ സ്വന്തം പോക്കറ്റ് മണി കണ്ടെത്താനായി എന്നും ഇംഗ്ലണ്ടിലെ തെരുവിൽ കാറുകൾ കഴുകും. ബെൻസ് കാറിൽ പോയി അത് ഒരിടത്ത് പാർക്ക് ചെയ്ത് വെച്ച ശേഷം ബക്കറ്റും മറ്റ് സാധനങ്ങളുമായി പോയി വഴിയരികിൽ അഴുക്ക് പിടിച്ച് കിടക്കുന്ന കാറുകൾ കഴുകി വരുമാനം ഉണ്ടാക്കും.'
'അവരെ സംബന്ധിച്ചിടത്തോളം എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അതേസമയം നമ്മുടെ നാട്ടിൽ ഒരു കോടീശ്വരന്റെ മകനോ മകളോ ഇതുപോലെ ജോലിക്ക് പോകാൻ തയ്യാറാകില്ല. ഇപ്പോഴും നമ്മുടെ ഇവിടെ വിവാഹആലോചനയുമായി ചെല്ലുമ്പോൾ പോലും ജോലികളെ തംരതിരിക്കുന്നതും ആളുകളെ അപമാനിക്കുന്നതും കാണാൻ സാധിക്കും. അതിനെല്ലാം മാറ്റം വരേണ്ടതാണ്' ശ്രീനിവാസൻ പറയുന്നു.