ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ ഏവർക്കും പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് തേലക്കാടൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മിനിസ്‌ക്രീനിൽ എല്ലാം തന്നെ സൂരജ് ഇപ്പോഴുണ് സജീവമാണ്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി എത്തിയിരിക്കുകയാണ് സൂരജ്. ബിഗ് ബോസ് വീടിനെ കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം ലാലേട്ടന്റെ മാസ് ഡയലോഗും പറഞ്ഞ് തകർത്ത ശേഷമാണ് സൂരജ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.
'വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയത്. ഞാൻ വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. വരില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. അവർക്ക് അത്തരമൊരു സംശയം വരാൻ കാരണം എന്റെ ശാരീരിക ക്ഷമതും ആരോഗ്യവും പരിഗണിച്ചായിരിക്കും. ഞാനും ചേച്ചിയും സ്കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്.
ഒപ്പം നല്ലൊരു ഉപദേശവും അച്ഛൻ തന്നു. നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മൾ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛൻ പറഞ്ഞതും പഠിപ്പിച്ചതും. നന്നായി മത്സരിച്ച് ബിഗ് ബോസ് വീട്ടിൽ നിൽക്കാനാണ് ആഗ്രഹം. അതിനായി പരിശ്രമിക്കും' സൂരജ് പറയുന്നു. ലാലേട്ടനുമായി വേദിയിൽ വെച്ച് കളി ചിരിയും തമാശയും പങ്കുവെച്ച സൂരജ് ലാലേട്ടന്റെ നീ പോ മോനെ ദിനേശാ... എന്ന മാസ് ഡയലോഗും പറഞ്ഞ് കാണികളെ ഞെട്ടിച്ചു.