മലയാള സിനിമ പ്രേമികൾക്ക് മീശമാധവനെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ താരമാണ് മണികണ്ഠൻ പട്ടാമ്പി. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പയറ്റിതെളിഞ്ഞ ഒരു നടൻ കൂടിയാണ് മണികണ്ഠൻ. നാടകം, സിനിമ, ടെലിവിഷൻ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മണികണ്ഠൻ കഴിഞ്ഞ പത്തു വർഷമായി ‘മറിമായം’ എന്ന ആക്ഷേപഹാസ്യ ടെലിവിഷൻ പരിപാടിയിലെ ഒരു അംഗം കൂടിയാണ്.
‘സത്യം പറഞ്ഞാൽ ഇത്രയും വലിയൊരു കാലയളവ് എങ്ങനെ കടന്നുപോയെന്ന് എനിക്ക് അറിയില്ല. മറിമായം 500 എപ്പിസോഡുകൾ പിന്നിടുമ്പോൾ സത്യശീലൻ എന്ന കഥാപാത്രത്തിന് പത്തു വയസ്സായി. ഒരു മനുഷ്യന്റെ ജീവിതത്തിലെ പത്തു വർഷമെന്നു പറയുന്നത് വലിയ കാലയളവാണ്. ഒന്നെനിക്കറിയാം, ഈ പത്തുവർഷവും ഞാൻ ആസ്വദിച്ചാണ് ജീവിച്ചത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ജീവിക്കുന്നത്. അത് ‘മറിമായം’ എന്ന പ്രോഗ്രാം കൊണ്ടു മാത്രം കിട്ടിയതാണ്. മറിമായത്തിൽ വരുന്നതിനു മുൻപ് സിനിമയിലുണ്ട്. സിനിമയിൽ ഈയൊരു സെക്യൂരിറ്റി ഫീൽ ചെയ്തിരുന്നില്ല.
ഇന്ന് ഒരു സിനിമയ്ക്ക് വിളിച്ചു, നാളെ ഒരു സിനിമയ്ക്ക് വിളിച്ചേക്കാം, മറ്റന്നാൾ ഒരു സിനിമ ഉണ്ടോ ഇല്ലയോ എന്നറിയില്ല. അങ്ങനെയൊരു അരക്ഷിതാവസ്ഥ ജീവിതത്തിലൊട്ടാകെ കിടന്നു കളിക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടും സിനിമയ്ക്കു വിളിച്ചില്ലെങ്കിൽ പിന്നെ ടെൻഷനായി. പത്തുവർഷം ഒരു സർക്കാർ ജോലി പോലെയായിരുന്നു. മാസത്തിൽ ആദ്യത്തെ എട്ട് ദിവസം മറിമായത്തിന്റെ ഷൂട്ടിങ് ഉണ്ടാവും. അതിനിടയിൽ ഏതെങ്കിലും സിനിമയ്ക്കു വിളിക്കും. ഈ എട്ട് ദിവസം കഴിഞ്ഞുള്ള സമയത്ത് പോയി അഭിനയിക്കും. ഞാനും നിങ്ങളും ഉൾപ്പെടെയുള്ള ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പൊതുവായ വിഷയങ്ങളെ കുറിച്ച് പരാമർശിക്കുന്ന മറിമായത്തിൽ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മാറിമറിഞ്ഞൊക്കെ ചെയ്യാൻ പറ്റുന്നത് ആക്ടർ എന്ന നിലയ്ക്ക് സന്തോഷം നൽകിയിട്ടുള്ള കാര്യമാണ്.
വലിയൊരു കാലഘട്ടം കടന്നുപോയി എന്നോർത്ത് ഞാൻ ആശങ്കപ്പെടുന്നില്ല. നമ്മുടെ കൂടെയുള്ള സഹപ്രവർത്തകരിൽ ഒരാളോടു പോലും ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതയോ സൗന്ദര്യപ്പിണക്കമോ ഇതു വരെ ഉണ്ടായിട്ടില്ല. മുമ്പ് അഭിനയിച്ചിരുന്നവർ തന്നെയാണ് ഇപ്പോഴും ടീമിലുള്ളത്. സിദ്ധാർഥ് ശിവ, രചന നാരായണൻകുട്ടി, ശ്രീകുമാർ അങ്ങനെ കുറച്ചു പേർ അസൗകര്യം കാരണം മാറിയിട്ടുണ്ട്. അവർ സിനിമയിൽ സജീവമാണ്. ഇനി ഞങ്ങളൊക്കെ മാറിയാലും ‘മറിമായം’ എന്ന പ്രോഗ്രാം അങ്ങനെ നിൽക്കും. കാരണം നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് മറിമായത്തിലെ വിഷയം. അത് എന്നും കാലികമാണ് എന്നും താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.