മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോൾ കേരളത്തില്‍ പല മേഖലകള്‍ക്കും ഇളവുകള്‍ നല്‍കിയെങ്കിലും സിനിമ ചിത്രീകരണത്തിന് മാത്രം അനുമതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. രണ്ട് മാസത്തിനു ശേഷം ലൊക്കേഷനില്‍ പൊങ്കല്‍ കഴിക്കാനുള്ള അനുവാദം കിട്ടി, തമിഴ് നാട് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍. പ്രിയപ്പെട്ട കേരള സര്‍ക്കാരെ ആ കഞ്ഞിയും, ഉണക്കല്‍ മീനും, തേങ്ങാ ചമ്മന്തിയും കഴിക്കാന്‍ എന്നാണ് നിങ്ങള്‍ അനുവാദം തരിക?..പ്ലീസ് വിശന്നിട്ട് വയ്യ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
തമിഴ്‌നാട്ടില്‍ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചതിനാല്‍ ചിത്രീകരണത്തിനായി ചെന്നൈയിലെത്തിയിരിക്കുകയാണ് ഹരീഷ്. ലൊക്കേഷനില്‍ പൊങ്കല്‍ കഴിക്കാന്‍ അനുവാദം തന്ന തമിഴ്‌നാട് സര്‍ക്കാരിന് അഭിവാദ്യം പറഞ്ഞ് കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഇതിനൊപ്പം ലൊക്കേഷനില്‍ നിന്നുമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സിനിമ ചിത്രീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് ചെന്നൈയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്നും ലൊക്കേഷന്‍ അന്വേഷിക്കുകയാണെന്നും പ്രൊഡക്ഷന്‍ കണ്ടോളര്‍ ഷിബു ജി സുശീലന്‍ പറഞ്ഞിരുന്നു.