വര്‍ഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ തന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ഒരുങ്ങുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണ്ണായക നിരീക്ഷണത്തെത്തുടര്‍ന്ന് സംസ്ഥാന വനംവകുപ്പ് പ്രഖ്യാപിച്ച പ്രത്യേക ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് താരം ആനക്കൊമ്പുകള്‍ സര്‍ക്കാരിലേക്ക് തിരിച്ചേല്‍പ്പിക്കാന്‍ അപേക്ഷ നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് മോഹന്‍ലാല്‍ മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചത്.
മലയാറ്റൂര്‍ ഡി.എഫ്.ഒ പി. കാര്‍ത്തിക് ഐ.എ.എഫ്.എസ് ഈ അപേക്ഷ തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിക്കഴിഞ്ഞു. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്റെ വസതിയിലെത്തി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീര്‍ത്ത മറ്റ് 13 വിലപിടിപ്പുള്ള കരകൗശലവസ്തുക്കള്‍ക്കും മുന്‍പ് വനംവകുപ്പ് നല്‍കിയിരുന്ന ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി പൂര്‍ണ്ണമായും റദ്ദാക്കിയിരുന്നു. കൃത്യമായ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് താരത്തിന് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ ശക്തമായ ഇടപെടല്‍.
എന്നാല്‍, ഇതേ ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് മറ്റൊരു നിര്‍ണ്ണായക നിരീക്ഷണം കൂടി നടത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം വ്യക്തികള്‍ക്കോ ഒരുവിഭാഗം ആളുകള്‍ക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉല്‍പന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളില്‍ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്. കോടതി നല്‍കിയ ഈ നിയമപരമായ വഴിയിലാണ് ഇപ്പോള്‍ വനംവകുപ്പ് പ്രത്യേക പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചതും മോഹന്‍ലാല്‍ അത് കൃത്യമായി വിനിയോഗിച്ചതും.
2011 ഓഗസ്റ്റില്‍ മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച നിലയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തുന്നത്. ആദായനികുതി വകുപ്പ് വിവരം കൈമാറിയതിനെത്തുടര്‍ന്ന് വനംവകുപ്പ് താരത്തിനെതിരെ കേസെടുത്തു. കേസ് വലിയ വലിയ മാധ്യമവിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ 2016-ല്‍ അന്നത്തെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പുകളുടെയും കരകൗശല വസ്തുക്കളുടെയും ഉടമസ്ഥാവകാശം മോഹന്‍ലാലിന് അനുവദിച്ച് നല്‍കി തടിയൂരാന്‍ ശ്രമിച്ചിരുന്നു. ഈ ഉത്തരവാണ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയത്. 1972-ലെ കര്‍ശനമായ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതിയോ വ്യക്തമായ രേഖകളോ ഇല്ലാതെ ആനക്കൊമ്പടക്കമുള്ള തന്ത്രപ്രധാനമായ വസ്തുക്കള്‍ ആര്‍ക്കും കൈവശം വെക്കാന്‍ നിയമപരമായ അവകാശമില്ല. നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സര്‍ക്കാരിന് പ്രത്യേക സാഹചര്യങ്ങളില്‍ ഇളവനുവദിക്കാന്‍ അധികാരമുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്നായിരുന്നു കോടതി നിലപാട്.
കോടതി റദ്ദാക്കിയതോടെ നിയമക്കുരുക്കില്‍ അകപ്പെടുമെന്നുറപ്പായ സാഹചര്യത്തിലാണ് ഒറ്റത്തവണ പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ താരം അപേക്ഷ നല്‍കിയത്. വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അംഗീകരിക്കുന്നതോടെ വര്‍ഷങ്ങളായി മോഹന്‍ലാലിനെ വേട്ടയാടിക്കൊണ്ടിരുന്ന ആനക്കൊമ്പ് വിവാദത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴും.