Latest News

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണത്; സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയാണ് അഡ്‌ഹോക് കമ്മിറ്റിയായി തുടരാന്‍ അനുവദിക്കാന്‍ ജനറല്‍ ബോഡിക്ക് തോന്നുക? കോടതി വിധിയില്ലാതെ ശ്വേതാ മേനോന്‍ അമ്മ ഓഫീസില്‍ വന്നാല്‍ തടയുമായിരുന്നു: ശ്വേതക്കെതിരെ അന്‍സിബ 

Malayalilife
 സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണത്; സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയാണ് അഡ്‌ഹോക് കമ്മിറ്റിയായി തുടരാന്‍ അനുവദിക്കാന്‍ ജനറല്‍ ബോഡിക്ക് തോന്നുക? കോടതി വിധിയില്ലാതെ ശ്വേതാ മേനോന്‍ അമ്മ ഓഫീസില്‍ വന്നാല്‍ തടയുമായിരുന്നു: ശ്വേതക്കെതിരെ അന്‍സിബ 

അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ ആഞ്ഞടിച്ചു അന്‍സിബ ഹസന്‍. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണത്. സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയാണ് അഡ്‌ഹോക് കമ്മിറ്റിയായി തുടരാന്‍ അനുവദിക്കാന്‍ ജനറല്‍ ബോഡിക്ക് തോന്നുക എന്ന് അന്‍സിബ കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോള്‍ താത്കാലിക ഭരണസംവിധാനമായി തുടരാന്‍ അനുവദിച്ചത് ചോദ്യംചെയ്ത ശ്വേതയ്ക്ക് അന്‍സിബ മറുപടി നല്‍കി. 'ജനറല്‍ ബോഡി നടക്കാന്‍ വൈകുമെന്നതിനാലാണ് രാജിവെച്ച മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി തുടര്‍ന്നത്. സഞ്ജീവനി പദ്ധതി സംബന്ധിച്ച തീരുമാനമെടുത്തത് രാജിവെച്ച കമ്മിറ്റിയാണ്. അത് നടപ്പാക്കുകയാണ് അഡ്‌ഹോക് കമ്മിറ്റി ചെയ്തത്. നല്ലൊരു കാര്യം ചെയ്തതിനെയാണോ കുറ്റപ്പെടുത്തുന്നത്?' അന്‍സിബ ചോദിച്ചു. 'സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണത്. 

സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയാണ് അഡ്‌ഹോക് കമ്മിറ്റിയായി തുടരാന്‍ അനുവദിക്കാന്‍ ജനറല്‍ ബോഡിക്ക് തോന്നുക?' അവര്‍ ആരാഞ്ഞു. ആരോപണ വിധേയരെ സഹായിക്കുകയാണോ കേരള പൊലീസ് ചെയ്യുന്നതെന്ന് അന്‍സിബ ഹസന്‍ ചോദിച്ചു. പരാതിയുമായി വരുന്ന സ്ത്രീകളെ അപമാനിക്കുകയാണോ പൊലീസ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രി പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത പൊലീസ് ആണോ കേരളത്തിലുള്ളത്. 

നീതി കിട്ടാന്‍ കോടതിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. കമ്മീഷണര്‍ സംസാരിക്കുന്ന വീഡിയോ കണ്ടു. ഇത് അമ്മ സംഘടനക്കുള്ളില്‍ തീരേണ്ട പ്രശ്‌നമാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ജിഹാദി എന്ന് വിളിച്ചത് എങ്ങനെയാണ് തമാശയായി പൊലീസിന് കാണാന്‍ കഴിയുന്നത്. അത് വേദനയുണ്ടാക്കി. കോടതി വിധിയില്ലാതെ ശ്വേതാ മേനോന്‍ അമ്മ ഓഫീസില്‍ വന്നാല്‍ തടയുമെന്നും അന്‍സിബ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയില്‍ നിന്ന് വ്യക്തിഹത്യ നേരിടേണ്ടി വന്നവരാണ് ഇപ്പോള്‍ വാര്‍ത്താസമ്മേളനത്തിലുള്ളതെന്ന് ഉഷ ഹസീന പറഞ്ഞു. സ്ത്രീകള്‍ വിജയിച്ചത് കുറുക്കുവഴികളിലൂടെയാണ്. ഭരണസമിതിയില്‍ അധികാര മോഹമാണ്. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. 

അമ്മയില്‍ പരാതി കൊടുത്ത സ്ത്രീയെ നേതൃത്വം പരിഹസിക്കുകയായിരുന്നു. അന്‍സിബയെ കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് അനൂപ് ചന്ദ്രന്‍ മോശമായ വീഡിയോ ഇറക്കി. അങ്ങനെ തന്നെ വേണം, തനിക്ക് സന്തോഷമായി എന്നാണ് ശ്വേത പറഞ്ഞത് -ഉഷ ഹസീന പറഞ്ഞു.'ജനറല്‍ ബോഡിയില്‍ പ്രിന്റ് ചെയ്ത് തന്ന കണക്കും ബാബുരാജിന് തെറ്റി അയച്ച കണക്കും വേറെയായിരുന്നു. ജനറല്‍ ബോഡിയില്‍ ആര്‍ക്കും സംസാരിക്കാന്‍ മൈക്ക് തന്നില്ല. അനൂപ് ചന്ദ്രന്റെ കൈയില്‍ മാത്രമായിരുന്നു മൈക്ക്. ബാബുരാജിനെതിരെ ആരോപണം ഉയര്‍ന്നു. മറുപടി പറയാന്‍ അവസരം നല്‍കിയില്ല. ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റ് എഴുന്നേറ്റ് നിന്ന് ഇരിക്കടാ അവിടെ എന്ന് പറയുന്നതുപോലെ, ഞാനാണ് പ്രസിഡന്റ്, ഞാന്‍ പറയുന്നത് കേള്‍ക്കണം, ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. അങ്ങനെയങ്കില്‍ താന്‍ ഇറങ്ങിപ്പോവുകയാണെന്ന് ബാബുരാജ് പറഞ്ഞു. എങ്കില്‍ ഇറങ്ങിപ്പൊക്കോ, പുറത്ത് വണ്ടി കിടപ്പുണ്ട് എന്നായിരുന്നു ശ്വേതയുടെ മറുപടി. അവരുടെ ഭാഗം പറയുന്നവരെ മാത്രമാണ് സംസാരിപ്പിച്ചത്. ആരും അശ്ലീലം പറഞ്ഞിട്ടില്ല.' ഉഷാ ഹസീന കൂട്ടിച്ചേര്‍ത്തു. 

സ്ത്രീകള്‍ നേതൃനിരയില്‍ വരണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും എന്നാല്‍ കഴിഞ്ഞ ഭരണസമിതി അപമാനിച്ചെന്നും ഉഷ ഹസീന പ്രതികരിച്ചു. ഭരണസമിതി അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഉഷ പ്രതികരിച്ചു. പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഈഗോ ക്ലാഷ് ഉണ്ടായി. അന്‍സിബയുടെ പരാതികള്‍ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുവെന്നും ഉഷ ഹസീന പ്രതികരിച്ചു. ധ്രുവീകരണം നടത്തുന്ന വര്‍ഗീയവാദം നടത്തുന്ന മനുഷ്യരെ ഒന്നായി കാണാന്‍ പറ്റാത്ത കലാകാരന്‍മാരുടെ ഇടയില്‍ ധ്രുവീകരണം നടത്തുന്ന ആള്‍ക്കാരല്ല അമ്മ ഭരിക്കേണ്ടത്. കേരളം അങ്ങനെ തന്നെയാണെന്നാണ് താനിപ്പോഴും വിശ്വസിക്കുന്നത്. ആ കേരളത്തിനോട് ഒരു ഉത്തരവാദിത്വം ഉള്ളതുകൊണ്ട് അവിടെ നടക്കാനുദ്ദേശിക്കുന്ന കാര്യം നാളെ വരാനിരിക്കുന്ന ഒരു കേരള സ്റ്റോറിയാണ് എന്ന് മനസിലായതു കൊണ്ടും അതിനെ എതിര്‍ക്കണമെന്നുള്ള ഉത്തമവിശ്വാസത്തിലാണ് താന്‍ പ്രതികരിച്ചതെന്നും മാല പാര്‍വതി വ്യക്തമാക്കി. 

ആ സ്‌ക്രിപ്റ്റ് നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ. ഒരു സിനിമാ നടി തട്ടമിടാത്ത, ഒരുതരത്തിലും ജാതിമതങ്ങളൊന്നുമില്ലാത്ത അമ്പലത്തില്‍ വരെ പോകുന്ന ഒരു മലപ്പുറംകാരി, മുസ്ലീം. അവളവിടെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്നൊരു കഥ സിനിമയായിട്ട് വന്നാല്‍ നോര്‍ത്ത് ഇന്ത്യയില്‍ ഓടും. ഈ കഥയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത് എന്ന് മനസിലായതു കൊണ്ടാണ് ഞാനിത് എതിര്‍ത്തത്. മാല പാര്‍വതി പറഞ്ഞു. ലക്ഷ്മി പ്രിയ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇതിനെതിരെ താന്‍ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും അന്‍സിബ പറഞ്ഞു. അനീതിയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നതെന്നും കേരളം വര്‍ഗീയവത്കരിക്കപ്പെട്ട ഒരു സംസ്ഥാനമായി മാറരുതെന്നും അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞു. 

'എത്രയും പെട്ടെന്ന് ചെറുപ്പക്കാരായ കുട്ടികള്‍, ധ്യാന്‍ ശ്രീനിവാസന്റെയൊക്കെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ കുട്ടികള്‍ ഇലക്ഷന് നില്‍ക്കണം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരൊക്കെ രക്ഷാധികാരികളായി വന്നു കൊണ്ട് ഈ സംഘടനയെ ഏറ്റെടുക്കണം. ഞങ്ങളുടെ എല്ലാവരുടെയും അഭിപ്രായം ചെറുപ്പക്കാര്‍ വരണമെന്നാണ്. ശ്വേത അവിടെ വരരുതെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല'.- മാല പാര്‍വതി പറഞ്ഞു.

ansiba hassan against swetha menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES