മഹേഷ് നാരായണൻ സംവിധാനം ചെയ്ത മലയാള ഭാഷാ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് മാലിക്. കാർണിവൽ മൂവി നെറ്റ്‌വർക്കിനൊപ്പം ആന്റോ ജോസഫ് ഫിലിം കമ്പനി വഴി ആന്റോ ജോസഫ് ഇത് നിർമ്മിച്ചു. ചിത്രത്തിൽ ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിട്ടാണ് എത്തിയതും. എന്നാൽ ഇപ്പോൾ മാലിക് ചിത്രത്തില്‍ ഫഹദ് ഫാസിലിന് ഒപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ചന്തുനാഥ്. ചിത്രത്തില്‍ ചന്തുനാഥ് റിഷഭ് എന്ന പൊലീസുകാരനായാണ് എത്തിയത്. ഫഹദ് എന്ന നടനെ വിലയിരുത്താന്‍ താന്‍ ആരുമല്ല എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.
അത്രയും വലിയ പെര്‍ഫോമര്‍ ആയ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞത് ‘ഫഹദിക്ക എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റു കുറ്റങ്ങള്‍ ഉണ്ടായാല്‍ ഒന്ന് കണ്ണടച്ചേക്കണേ’ എന്നാണ്. പക്ഷേ അദ്ദേഹം പറഞ്ഞത് ‘അയ്യോ ബ്രോ ഞാന്‍ പതറിപ്പോയാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തേക്കണേ’ എന്നും.
കൂടെ അഭിനയിക്കുന്ന ആള്‍ ചെയ്യുന്ന കണ്ണു കൊണ്ടുള്ള ചെറിയ ആക്ഷന്‍ പോലും നന്നായിരുന്നു എന്ന് അദ്ദേഹം പറയും. അഭിനയത്തോട് വലിയ പാഷന്‍ ആണ് അദ്ദേഹത്തിന്. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ആ ചെറിയ മനുഷ്യനില്‍ നിന്നും വരുന്ന എനര്‍ജി അപാരമാണ്. ആക്ഷന്‍ പറയുന്നതിന് തൊട്ടു മുമ്പു വരെ നിന്ന ആളല്ല, പിന്നെ അദ്ദേഹം, പ്രായമായ അലി ഇക്ക ആയി മാറുകയാണ്. അദ്ദേഹത്തിന്റെ സമയം മെനക്കെടുത്താന്‍ പാടില്ലല്ലോ അതുകൊണ്ട് താന്‍ നന്നായി തയാറെടുത്താണ് മുന്നില്‍ നിന്നതും എന്ന് ചന്തുനാഥ് പറയുന്നു.