തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് തല അജിത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ ആരാധകർ ‘തല’ എന്ന് സ്നേഹപൂർവം വിളിക്കുന്ന അജിത്ത് കുമാറിനെ ഇനി 'തല' ചേര്‍ത്തു വിളിക്കരുതെന്ന് താരം തുറന്ന് പറയുകയാണ്. ട്വിറ്ററിലൂടെ ഈ വിവരം അജിത്തിന്‍റെ ഔദ്യോഗിക പിആർഒ ആയ സുരേഷ് ചന്ദ്രയാണ് അറിയിച്ചത്. ആരാധകരും മാധ്യമങ്ങളും ഇനിമുതല്‍ 'തല' എന്ന് ചേര്‍ത്ത് വിളിക്കരുതെന്നും പകരും അജിത് എന്നോ അജിത് കുമാറെന്നോ എകെ എന്നോ വിളിക്കണമെന്നുമായിരുന്നു അഭ്യർഥന. ചിത്രങ്ങളും സന്ദേശങ്ങളും മാനേജര്‍ വഴി . സോഷ്യല്‍ മീഡിയയില്‍ താരം സജീവമല്ലാത്തതിനാല്‍ പങ്കുവയ്ക്കാറുണ്ട്. എ.ആർ. മുരുഗദോസിന്റെ 'ദീന' എന്ന സിനിമയില്‍ 'തല' എന്ന നായക കഥാപാത്രത്തെ അഭിനയിച്ചതിന് പിന്നാലെയാണ് അജിത്തിന് 'തല' എന്ന വിശേഷണം ലഭിച്ചത്.
ട്വീറ്റ് ഇങ്ങനെ:
ബഹുമാനപ്പെട്ട മാധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആരാധകർക്കും. ഇനി മുതൽ തല എന്നോ മറ്റേതെങ്കിലും വിശേഷണങ്ങളോ എന്‍റെ പേരിനൊപ്പം ചേര്‍ത്ത് വിളിക്കരുത്, പകരം അജിത്, അജിത് കുമാർ അല്ലെങ്കിൽ എകെ എന്നോ വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ആരോഗ്യവും, സന്തോഷവും, വിജയങ്ങളും, മനസ്സമാധാനവും, സംതൃപ്തിയും നിറഞ്ഞ മനോഹരമായ ജീവിതം ആശംസിക്കുന്നു.
സ്നേഹത്തോടെ,
അജിത്ത്
അജിത്തിന്റെ പെട്ടന്നുള്ള ഈ തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ആരാധകരും അജിത് ആരാധകരും തമ്മിലുള്ള ഓൺലൈൻ വാക്പോരുകളാണു കാരണമെന്നാണ് അനുമാനം. ധോണിയെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ‘തല’യെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രമായ 'വാലിമൈ'യുടെ റിലീസിനായി കാത്തിരിക്കുകയാണ് അജിത്ത്. ബോണി കപൂർ നിർമിച്ച വലിമൈയിൽ ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.