മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടൻ ഗണേഷ് കുമാറിന്റെ പിതാവും കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആർ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് പുലർച്ചെയാണ് അന്ത്യം. 86 വയസ്സായിരുന്നു. കടുത്ത ശ്വാസ തടസത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗ വാർത്ത അൽപസമയം മുൻപാണ് സ്ഥിരീകരിച്ചത്. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്നു.
ആരോഗ്യകരമായ പ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലായിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെബി ഗണേശ് കുമാറിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ വരെ ഇടപെടലുണ്ടായിരുന്നു. കെബി ഗണേശ് കുമാർ കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന സമയമായതിനാൽ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും ബാലകൃഷ്ണപ്പിള്ള എത്തിയിരുന്നത്.
1935 മാർച്ച് 8 ന് കൊല്ലം കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ള- കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ആർ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1985 ൽ പഞ്ചാബ് മോഡൽ എന്ന പേരിൽ വിവാദമായ പ്രസംഗത്തെ തുടർന്ന മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന ആർ ബാലകൃഷ്ണപ്പിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്.