സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ യുവതാരം നടൻ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയെയാണ് താരം ജീവിതസഖിയാക്കിയത്. ബംഗലൂരുവിൽ ജോലി ചെയ്യുന്ന റജീനയുമായുള്ള താരത്തിന്റെ വിവാഹം ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിൽ വച്ചായിരുന്നു.
എന്നാൽ കുടുംബത്തിൽ ഒരു മരണമുണ്ടായ സാഹചര്യത്തിൽ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇരുവരും പത്തുവർഷമായി സുഹൃത്തുക്കളാണ്. കൂടാതെ ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെയും ആശീർവാദത്തോടെയുമായിരുന്നു വിവാഹമെന്നും ദേവ് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹത്തെക്കുറിച്ച് സൂചന നൽകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ദേവ് ആരാധകരുമായി പങ്കുവച്ചിരുന്നു. അതിൽ വധുവിന്റെ ചിത്രവും താരം പങ്കുവച്ചിരുന്നു.
താരത്തിന്റെ കുറിപ്പ് വായിക്കാം: നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവർഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്… നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്… എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾ.
എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളിൽ കൂടെനിന്ന് ആനന്ദിക്കാൻ.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാൻ.
പ്രിയപ്പെട്ടവരുടെ ആശീർവാദത്താൽ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ. ചുറ്റുമുള്ളവർ നമുക്കേകട്ടെ സ്നേഹവും കരുതലും…’ എന്നാണ് ദേവ് കുറിച്ചത്.