Latest News

മനസ്സില്‍ അസൂയ എന്ന വിഷം തീണ്ടിയിട്ടില്ലാത്ത ഒരു അപൂര്‍വ്വം സുഹൃത്തായിരുന്നു; കുറിപ്പ് പങ്കുവച്ച് നടൻ ബാലചന്ദ്ര മേനോൻ

Malayalilife
മനസ്സില്‍ അസൂയ എന്ന വിഷം തീണ്ടിയിട്ടില്ലാത്ത ഒരു അപൂര്‍വ്വം സുഹൃത്തായിരുന്നു; കുറിപ്പ് പങ്കുവച്ച് നടൻ ബാലചന്ദ്ര മേനോൻ

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഗായകന്‍ എംഎസ് നസീമിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍.  ഫേസ്ബുക്കിലെഴുതിയ നീണ്ട കുറിപ്പില്‍  ചെറിയ പ്രായം മുതല്‍ പാട്ട് പാടി തുടങ്ങിയ നസീമിനൊപ്പമുള്ള ഓര്‍മ്മകളാണ് ബാലചന്ദ്ര മേനോന്‍ സൂചിപ്പിച്ചിരിക്കുന്നത്.

എല്ലാം പെട്ടന്നായിരുന്നു. രണ്ടാഴ്ച മുന്‍പ് ഞാന്‍ നസീമുമൊത്തുള്ള ഒരു ഫോട്ടോ ഇഷ്ട്ടന്റെ വാട്ട്‌സാപ്പില്‍ അയച്ചിട്ട് ഒരു അടിക്കുറിപ്പെഴുതി. 'എങ്ങനുണ്ട് നസീമേ ? എന്ന്. അതിനു മറുപടിയായി നസീമിന്റെ ഭാര്യ പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത് നസീം ആശുപത്രിയിലാണെന്ന് ....ഏറെ നാളുകളായി നസീം ആശുപത്രിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരീക്ഷണത്തിലായിരുന്നതുകൊണ്ട് ഞാന്‍ അതത്ര ഗൗരവമായി കണ്ടില്ല . എന്നാല്‍ ഇന്ന് രാവിലെ ടി വി യില്‍ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍, ഓര്‍ക്കാന്‍ എനിക്കൊരുപാടുണ്ട് നസീമിനെ കുറിച്ചു.

ആദ്യമായി കണ്ടത് എന്നാണെന്നോ എവിടെ വെച്ചെന്നോ നിശ്ചയമില്ല. എന്നാല്‍ ആദ്യം കണ്ട നിമിഷം നിമിഷം തന്നെ എന്റെ മനസ്സില്‍ പതിഞ്ഞത് നസീമിന്റെ 'പിശുക്കില്ലാത്ത ചിരി'യാണ്. ആ ചിരിക്ക് അകമ്പടിയായി മില്ലിലെ ഗോതമ്പു പൊടിക്കുന്ന ഒരു തരം ഇരമ്പല്‍ ശബ്ദവുമുണ്ടാവും. ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്തിനാ നസീമേ നിങ്ങള്‍ പറയുമ്പോഴും പാടുമ്പോഴും ഇങ്ങനെ വെളുക്കെ ചിരിക്കുന്നെ? എല്ലാ പല്ലും ഇപ്പോഴും ഉണ്ടെന്നറിയിക്കാനാണേ? നസീം പറഞ്ഞു. എനിക്കിങ്ങനെയെ പറ്റൂ.

ശരിയാണ് .ആ ചിരി സത്യസന്ധമായ ചിരി ആയിരുന്നു . മനസ്സില്‍ അസൂയ എന്ന വിഷം തീണ്ടിയിട്ടില്ലാത്ത ഒരു അപൂര്‍വ്വം സുഹൃത്തായിരുന്നു നസീം .അല്ലെങ്കില്‍ 'പാടാനെന്തു സുഖം' എന്ന പേരില്‍ ജയചന്ദ്രന്‍ ഗാനങ്ങളെ ഞാന്‍ ആലപിക്കുന്ന ഒരു മ്യൂസിക് ആല്‍ബത്തിന്റെ റീകാര്‍ഡിങ് വേളയില്‍ ഗായകനായ നസീം എന്തിനു രാവും പകലും എനിക്ക് ഉണര്‍വ്വും ഊര്‍ജ്ജവും പകര്‍ന്നു കൂട്ട് തന്നു? കാരണം ഒന്നേയുള്ളു. ഒന്നാമത്, എന്നോടുള്ള ഇഷ്ട്ടം. പിന്നെ പാട്ടിനോടുള്ള പെരുത്ത ഇഷ്ട്ടം. കഴക്കൂട്ടത്തെ വീട്ടിലെ ആ കൊച്ചു സ്റ്റുഡിയോയില്‍ പാടിയും പറഞ്ഞും ഞങ്ങള്‍ ഇരുന്ന നിമിഷങ്ങള്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ നസീം അര്‍ട്‌സ് ക്ലബ് സെക്രട്ടറി ആയിരുന്നു. ഒരു ജനകീയ ഗായകന്‍ എന്ന നിലയില്‍ നസീം ഏവര്‍ക്കും അന്നേ സര്‍വ്വ സമ്മതനുമായിരുന്നു കോളേജിലെ മരച്ചോട്ടിലും കാന്റീനിലും ഒക്കെ ഇരുന്നു എത്ര തവണ 'ഞാന്‍ സംവിധാനം ചെയ്യും നസീമേ' എന്ന് ഈയുള്ളവന്‍ പ്രഖ്യാപിച്ചിട്ടുണ്ട്!

ആലപ്പുഴയില്‍ വെച്ച് നടന്ന ഇന്റര്‍ കോളേജിയേറ്റ് നാടക മത്സരത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധീകരിച്ചു 'ബാലികേറാമല' എന്ന നാടകവുമായി പോയ സംഘത്തിലും നസീം ഉണ്ടായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. കാറിനുള്ളില്‍ കണ്ട പൂച്ച എന്തിനെന്നു നസീം ചോദിച്ചു കൊണ്ടേയിരുന്നു. 'ഒക്കെയുണ്ട്' എന്ന് ഞാന്‍ ഉഴപ്പി പറഞ്ഞപ്പോഴൊക്കെ നസീം അന്തം വിട്ടിരുന്നു. ഒടുവില്‍ 'ബീന' എന്ന പൂച്ചയാണ് എന്റെ നാടകത്തിലെ നായിക എന്ന് പറഞ്ഞപ്പോള്‍ നസീമിന്റെ മുഖത്തു കണ്ട ആ ചിരിയും മില്ലിലെ ശബ്ദവും ' ഇന്നലെത്തതു പോലെ എന്റെ മനസ്സില്‍. സംഗീത സംവിധായകന്‍ ജോണ്‍സന്‍ പറഞ്ഞിട്ടാണ് മാര്‍ക്കോസിനെ 'കേള്‍ക്കാത്ത ശബ്ദത്തില്‍ ' ഞാന്‍ പാടിച്ചത്. വേണുനാഗവള്ളിയുടെ ശുപാര്‍ശയിലാണ് 'എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി' എന്ന ചിത്രത്തില്‍ ബാലഗോപാലന്‍ തമ്പി എന്ന പുതു ഗായകന്‍ വരുന്നത്.

എന്നിട്ടും നസീമേ നിങ്ങള്‍ക്ക് വേണ്ടി ആരും എന്നോട് ശുപാര്‍ശ ചെയ്തില്ലല്ലോ... വേണ്ട, എത്രയോ പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ നിങ്ങളെ ഒരു പാട്ടില്‍ പോലും പെടുത്തുവാന്‍ എനിക്ക് കഴിയാതെ പോയല്ലോ. ഇത്രയും സ്വാതന്ത്ര്യമുണ്ടായിട്ടും നിങ്ങളും എന്നോടു പറഞ്ഞില്ലല്ലോ. അതാണ് പഴമക്കാര്‍ പണ്ടേ പറഞ്ഞത്, കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന്. അക്കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് അനല്‍പമായ ദുഖമുണ്ട് ചങ്ങാതി എന്നോട് ക്ഷമിക്കുക. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നസീം ഒരു യാത്രക്ക് പോവുകയായി... ഒരുപാട് തവണ നസീം ആ യാത്ര പാടി പാടി ആഘോഷിച്ചിട്ടുമുണ്ട്. 'മധുരിക്കും ഓര്‍മ്മകളെ, മലര്‍മഞ്ചല്‍ കൊണ്ടുവരൂ.... കൊണ്ടുപോകൂ... ഞങ്ങളെ... ആ... മാഞ്ചുവട്ടില്‍... മാഞ്ചുവട്ടില്‍...

Actor Balachandra menon words about singer m s Nazeem

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES