Latest News

നാളെ മുതല്‍ നീ വരണ്ട..എന്ന് പറഞ്ഞാണ് കൂലിപ്പണിക്കാരെ മാറ്റുന്നത്; ഇത് അത് പോലുമില്ല..ഒന്നും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; അദ്ദേഹം പറഞ്ഞതില്‍ സത്യം ഉണ്ട്..; ചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പടിയിറക്കിയ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍; നടന്റെ വാക്കുകളും ചര്‍ച്ചകളില്‍

Malayalilife
 നാളെ മുതല്‍ നീ വരണ്ട..എന്ന് പറഞ്ഞാണ് കൂലിപ്പണിക്കാരെ മാറ്റുന്നത്; ഇത് അത് പോലുമില്ല..ഒന്നും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; അദ്ദേഹം പറഞ്ഞതില്‍ സത്യം ഉണ്ട്..; ചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പടിയിറക്കിയ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍; നടന്റെ വാക്കുകളും ചര്‍ച്ചകളില്‍

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നടന്‍ പ്രേംകുമാറിനെ ഒരു വിവരവും നല്‍കാതെ നീക്കിയത് 'ശുദ്ധ നെറികേട്' ആണെന്ന് സംവിധായകന്‍ വിനയന്‍. സാംസ്‌കാരിക വകുപ്പിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച വിനയന്‍, വിഷയത്തില്‍ മലയാള സിനിമാ സംഘടനകള്‍ മൗനം പാലിച്ചതിനെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ വമ്പന്‍മാര്‍ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ ഒരു വാക്കുപോലും പറയാതെ ഒഴിവാക്കിയത് വലിയ നെറികേടായിരുന്നുവെന്ന് താന്‍ അന്നും പറഞ്ഞിരുന്നതായി വിനയന്‍ വ്യക്തമാക്കി. ഒരു കൂലിപ്പണിക്കാരനോട് പോലും 'നാളെ മുതല്‍ നീ വരണ്ട' എന്ന് പറഞ്ഞാണല്ലോ ഒഴിവാക്കാറുള്ളത്.

എന്നാല്‍, പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കാന്‍ പോലും അവസരം നല്‍കാതെ 'കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ' ഒഴിവാക്കിക്കൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാര്‍ത്ത നല്‍കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്തതെന്നും വിനയന്‍ വിമര്‍ശിച്ചു.

'ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ, നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ.. പക്ഷേ അപമാനിക്കാന്‍ മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല' എന്നായിരുന്നു അന്ന് പ്രേംകുമാര്‍ തന്നോട് പറഞ്ഞതെന്നും വിനയന്‍ ഓര്‍ത്തെടുത്തു. ഇതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിഹാസങ്ങളെയും കോട്ടിട്ട പൗരപ്രമുഖരെയും മാത്രമല്ല, കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവരര്‍ഹിക്കുന്ന വില നല്‍കണമെന്നും അതാണ് ജനാധിപത്യമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

മറിച്ചു ചെയ്യുന്നതിനെയാണ് സ്വജനപക്ഷപാതം എന്ന് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ മലയാള സിനിമാ സംഘടനകള്‍ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടന്‍ പ്രേംകുമാറിനെ പിന്തുണച്ചില്ല എന്ന കാര്യവും വിനയന്‍ തന്റെ കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു. കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന വില ലഭിക്കേണ്ടത് ജനാധിപത്യപരമായ അവകാശമാണെന്നും അതാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്നും വിനയന്റെ വാക്കുകള്‍ അടിവരയിടുന്നു.

അതേസമയം, ആശ സമരത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയതില്‍ അനീതി ചൂണ്ടിക്കാട്ടി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്. കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് വേണുഗോപാല്‍ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന.


പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രേംകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. സാംസ്‌കാരിക മേഖലയുമായി ബന്ധമുള്ള തിരുവനനന്തപുരത്തെ നേതാക്കളാണ് പ്രേംകുമാറുമായി ചര്‍ച്ച നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പ്രേംകുമാര്‍ പാര്‍ട്ടിയില്‍ എത്തിച്ച് ഇരട്ടനീതി വാദം പൊതുജനത്തിന് മുമ്പാകെ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ് നീക്കത്തിന് പിന്നില്‍.

യാത്രയയപ്പിനുള്ള സമയം പോലും നല്‍കാതെ സ്ഥാനത്തുനിന്ന് നീക്കിയത് ആശാസമരത്തില്‍ പങ്കെടുത്തതിനാണെന്ന് പ്രേംകുമാര്‍ ഇന്നലെ തുറന്നടിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് നീക്കാത്തത് ഇരട്ട നീതി ആണെന്ന വിമര്‍ശനം പ്രേംകുമാര്‍ സിപിഎമ്മില്‍ നിന്നും അകന്നതിന്റെ സൂചനയാണ്.

ആശസമരത്തെ അനുകൂലിച്ചതിന്റെ പേരില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് അനീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സാമാന്യമര്യാദ തന്നോട് ഉണ്ടായില്ലെന്നും മാന്യമായ യാത്രയയപ്പോ പിരിഞ്ഞുപോകാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും എന്നാല്‍ ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും കേരളത്തിലെ രണ്ട് സുപ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളെന്ന് കണക്കാക്കുമ്പോള്‍ രണ്ടിന്റെയും ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നവരോട് രണ്ട് തരത്തിലുള്ള പെരുമാറ്റം ഉണ്ടായെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vinayan sapport preamkumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES