ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ആനന്ദം പരമാനന്ദം' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ നിലവിലുള്ള വിവാദങ്ങളെക്കുറിച്ച് നടന്‍ ബൈജു സന്തോഷ് പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
പത്താന്‍ ഗാന രംഗത്തിലെ വിവാദത്തില്‍ ഓരോരുത്തരും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യേട്ടേയെന്നും, അവനവന്റെ കാര്യം നോക്കി മര്യാദക്ക് ജീവിക്കാനും ബൈജു പറഞ്ഞു. സ്വന്തം വീട്ടിലെ കാര്യമല്ല പലരും നോക്കുന്നതെന്നും അപ്പുറത്തവന്റെ വീട്ടിലെന്താ നടക്കുന്നതെന്ന് നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനമായിപ്പോയി അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ പറയുമായിരുന്നുവെന്നും താരം പറഞ്ഞു.
മാത്രമല്ല ഗാനരംഗത്തില്‍ ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ദീപിക ധരിച്ചിരിക്കുന്നത് എന്നും നടന്‍ പറഞ്ഞു. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. പിന്നെന്താണ് കുഴപ്പമെന്നും ബൈജു വാര്‍ത്താ സമ്മേളനത്തിനിടയില്‍ ചോദിക്കുകയായിരുന്നു.
ഐഎഫ്എഫ്‌കെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ രഞ്ജിത്ത് നായ്ക്കളോട് ഉപമിച്ച സംഭവത്തിനെക്കുറിച്ച് ബൈജു മറുപടി നല്കിയത് ഇങ്ങനെ. രഞ്ജിത്ത് പറഞ്ഞത് കേട്ടിട്ടില്ല. രഞ്ജിത്ത് പുള്ളിയുടെ അഭിപ്രായം മാത്രമാണ് പറഞ്ഞത്, ഇനി രഞ്ജിത്തിനെ കാണുമ്പോള്‍ എന്തുകൊണ്ടാണ് പട്ടിയോട് ഉപമിച്ചത് എന്ന് ചോദിക്കാം'' എന്നാണ് ബൈജു പറയുന്നത്.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള സൗഹൃദം കുറഞ്ഞിട്ടുണ്ടെന്നും നടന്‍ പങ്ക് വച്ചു. ആര്‍ട്ടിസ്റ്റുകള്‍ പരസ്പരം സംസാരിക്കുന്നത് കുറഞ്ഞുവെന്നും കാരവാനിന്റെ വരവോട് കൂടിയാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തരും ഒരോ റൂമില്‍ ഇരിക്കുകയാണെന്നും അഭിനയിക്കുമ്പോഴുള്ള സംസാരങ്ങള്‍ മാത്രമേ എല്ലാവരും തമ്മില്‍ ഇപ്പോള്‍ നടക്കുന്നുള്ളുവെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.