മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് ബൈജു സന്തോഷ്.ബാലാതാരമായെത്തി കഴിഞ്ഞ 42 വര്‍ഷമായി ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. ഇടക്കൊരു ഇടവേളയെടുത്തെങ്കിലും അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയ നടനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മാത്രമല്ല, സിനിമയ്ക്ക് പുറത്തെ ജീവിതത്തിലെ ബൈജുവിന്റെ സമീപനങ്ങളും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള തഗ്ഗടി മറുപടിയും നിരവധി ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്. നടന്റെ സിനിമാ ജീവിതം ആരാധകര്‍ക്ക് പരിചിതമാണെങ്കിലും തന്റെ സ്വകാര്യ വിശേഷങ്ങള്‍ നടന്‍ എവിടെയും പങ്കുവച്ചിട്ടില്ല.
തിരുവനന്തപുരം സ്വദേശിയാണ് ബൈജു. യഥാര്‍ത്ഥ പേര് ബിജു സന്തോഷ് കുമാര്‍ എന്നാണ്. വിശ്വാസ പ്രകാരം ആറ് വര്‍ഷം മുമ്പാണ് സന്തോഷ് എന്ന പേര് ചേര്‍ത്തത്. എന്നിട്ടും വലിയ ഡവലപ്മെന്റൊന്നും തന്റെ ജീവിതത്തില്‍ ബൈജു കാണുന്നില്ല. പത്താം വയസിലാണ് ബൈജു സിനിമയിലേക്ക് എത്തുന്നത്. അന്ന് സന്തോഷ് എന്ന പേരില്‍ ഒരു നടന്‍ ഉണ്ടായിരുന്നതിനാല്‍ ബൈജു എന്ന പേര് സ്വീകരിക്കുകയും അതിനൊപ്പം പിന്നീട് സന്തോഷ് എന്നു കൂടി ചേര്‍ക്കുകയായിരുന്നു. ഇന്ന് വീട്ടമ്മയായ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ബൈജു. മകള്‍ ഐശ്വര്യ ഡോക്ടറാണ്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഇപ്പോള്‍. മകന്‍ ലോകനാഥ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. നന്നായി പഠിച്ചുകൊണ്ടിരുന്ന ചെറുക്കന്‍ ഇപ്പോള്‍ ഫുള്‍ ടൈം മൊബൈലില്‍ കളിയാണ്. മകനോട് പ്ലസ് ടു എങ്കിലും മര്യാദയ്ക്ക് പാസാകണേ എന്നാണ് ബൈജു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ബൈജുവിന്റെ കുട്ടിക്കാലം പക്ഷെ അത്ര തിളങ്ങുന്നതായിരുന്നില്ല. പരമ്പരാഗതമായി കിട്ടിയ ഇട്ടുമൂടാനുള്ള സ്വത്തും സമ്പാദ്യങ്ങളും എല്ലാം ബൈജുവിന് ഉണ്ടായിരുന്നു. എന്നാല്‍ അച്ഛന്റെ പിടിപ്പുകേടില്‍ എല്ലാം നഷ്ടപ്പെടുകയായിരുന്നു. അമ്മ തങ്കമ്മ നഴ്സായിരുന്നു. അച്ഛന്‍ ഭാസ്‌കരന്‍ നായര്‍. അമ്മ 86ലും അച്ഛന്‍ 63-ാം വയസിലുമാണ് മരിച്ചത്. അച്ഛന്റെ മരണകാരണം അച്ഛന്റെ കയ്യിലിരിപ്പ് തന്നെയായിരുന്നു. മദ്യപാനം അടക്കം എല്ലാ പരിപാടികളും ഉണ്ടായിരുന്നു. ആ ദുശ്ശീലങ്ങളും സ്വഭാവവും തന്നെയാണ് മരണകാരണമായി മാറിയത്.
കഷ്ടപ്പെട്ടുണ്ടാക്കിയതല്ലെങ്കിലും കണ്ടമാനം സ്വത്തുക്കളുണ്ടായിരുന്ന കുടുംബമായിരുന്നു ബൈജുവിന്റേത്. ദാനമായി കിട്ടിയതായിരുന്നു അതു മുഴുവന്‍. പക്ഷെ, ഒന്നും അനുഭവിക്കാനുള്ള യോഗമുണ്ടായില്ല. എല്ലാം അച്ഛന്‍ പല പല ബിസിനസുകള്‍ ചെയ്ത് വിറ്റ് തുലച്ചു. അങ്ങനെ നശിപ്പിച്ചു. അന്ന് വിറ്റ സ്ഥലങ്ങള്‍ എല്ലാം ഇന്ന് ഉണ്ടായിരുന്നെങ്കില്‍ 200 കോടിയുടെ ആസ്തിയുടെ ഉടമയായി ബൈജു മാറുമായിരുന്നു. നാട്ടുകാര്‍ക്ക് കഥകളെല്ലാം അറിയാം. പക്ഷെ, അച്ഛനോട് ബൈജുവിന് ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ഓരോ മനുഷ്യര്‍ ഓരോ സ്വഭാവക്കാരാണ്' അച്ഛന്റെ ജീവിതവും സ്വഭാവവും അതായിരുന്നു എന്നു വിശ്വസിക്കാനാണ് ബൈജുവിന് ഇഷ്ടം.
അതുകൊണ്ടു തന്നെ അമ്മയുടെ മോനായാണ് ബൈജു ജീവിക്കുന്നത്. അമ്മയുടെ ആയുസ്സിലാണ് ബൈജു പിടിച്ച് നില്‍ക്കുന്നത്. അവരെ പോലെ അത്രയും കാലം ജീവിച്ചില്ലെങ്കിലും ഒരു 75 വരെയൊക്കെ ജീവിച്ചാല്‍ മതിയെന്നാണ് ബൈജുവിന്റെ ആഗ്രഹം. അതിന് മുകളിലേക്ക് പോവുന്നത് വേസ്റ്റാണ്. നമുക്കും ഭാരം വീട്ടുകാര്‍ക്കും ഭാരം എന്നാണ് ബൈജുവിന്റെ പക്ഷം.ലൂസിഫറിലൂടെ മികച്ച തിരിച്ചുവരവാണ് ബൈജു നടത്തിയത്. എന്നാല്‍ എല്ലാം മാറ്റിമറിച്ചത് കോവിഡിന്റെ വരവായിരുന്നു. നായക വേഷത്തില്‍ വരെ സിനിമാ ചര്‍ച്ചകള്‍ നടന്നിരിക്കവേയാണ് കോവിഡില്‍ സിനിമാ മേഖല തന്നെ സ്തംഭിച്ചു പോയത്. ഇപ്പോള്‍ എംബുരാനിലെ കഥാപാത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നടന്‍.