മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. യുവാക്കളുടെ ആവേശമായ ദുല്‍ഖര്‍ ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമാറിയിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകൻ ലേബലില്‍ നിന്നും ഒരുപാട് വളര്‍ന്നിട്ടുണ്ട്. വാപ്പയെ പോലെ തന്നെ മകനും സിനിമയിൽ തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവനായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
എന്നാൽ ഇപ്പോൾ വാപ്പയുടെയും ഉമ്മയുടെയും ദാമ്പത്യ സ്നേഹത്തിന്റെ ആഴം തുറന്ന് പറഞ്ഞിരിക്കുകയാണ് മകൻ ദുൽഖർ. ബാപ്പയ്ക്ക് അരികിൽ നിന്ന് ഉമ്മ മാറി നിൽക്കുമ്പോൾ ദിവസങ്ങൾ എണ്ണി തീർക്കുന്ന വേറിട്ട പ്രണയമാണ് അവർക്കിടയിൽ ഉള്ളതെന്നും അത് വച്ച് നോക്കുമ്പോൾ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുൽഖർ സൽമാൻ ഇപ്പോൾ വെളിപ്പെടുത്തുകയാണ്.
ഞാൻ കണ്ടിട്ടുള്ള ഒരു യമണ്ടൻ പ്രണയം ഏതെന്നു ചോദിച്ചാൽ വാപ്പയുടെയും ഉമ്മയുടെയുമാണ്. ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നിൽ ഒന്നുമല്ല. എന്റെ സഹോദരി അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ ഉമ്മ അവിടെ പോയി കുറച്ചു നാൾ നിന്നിരുന്നു. അന്ന് വാപ്പയും, ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവർ ഓർത്തു വയ്ക്കും, കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ. അതൊക്കെ തന്നെയാണ് ഞാൻ കണ്ടിട്ടുള്ള യമണ്ടൻ പ്രണയം. അല്ലാതെ എൻറെ സ്റ്റൈലിലുള്ള ന്യൂജെൻ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല എന്നും ദുൽഖർ സൽമാൻ പറയുന്നു.