മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അശോകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ തിളങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അമ്മ ഒരു അൽഷിമേഴ്സ് രോഗിയായിരുന്നു. ഒരിക്കൽ അമ്മയുടെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയേയും കൂട്ടി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചു. അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് വിചാരിച്ച് ആണ് വിവാഹത്തിൽ പങ്കെടുപ്പിക്കാൻ കരുതിയത്. ട്രെയിനിലായിരുന്നു യാത്ര, എസി കംപാർട്ട്മെന്റിൽ. മരുന്നൊക്കെ കഴിച്ച ശേഷം അമ്മ ലോവർ ബർത്തിലും ഞാൻ അപ്പർ ബർത്തിലും ഉറങ്ങാൻ കിടന്നു. ഇടയ്ക്ക് അമ്മയെ ഞാൻ എഴുന്നേറ്റ് നോക്കിയിരുന്നു. എന്നാൽ എപ്പോഴോ ഒന്ന് കണ്ണടച്ചു പോയി.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ ചാടി എഴുന്നേറ്റു. നോക്കിയപ്പോൾ അമ്മയെ കാണാനില്ല. എല്ലായിടത്തും ഞാൻ തിരക്കി. ഒടുവിൽ കംപാർട്ട്മെന്റുകൾക്കിടയിലൂടെ ഞാൻ നടന്ന് ചെല്ലുമ്പോൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അമ്മയെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടു. അപ്പോഴാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്. ആ കുറച്ച് സമയം ഞാൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ല. അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. വല്ലാത്തൊരു അവസ്ഥയാണ് അൽഷിമേഴ്സ് എന്ന രോഗം.