Latest News

അദ്ദേഹം നന്മ മാത്രമുള്ള ജീവിതം വളരെ ആസ്വദിച്ച ആളായിരുന്നു; ഒരുപാട് സന്തോഷിക്കുന്നവര്‍ക്ക് ആയുസ്സു കൂടുതലായിരിക്കുമല്ലോ; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓർമ്മകളിൽ ‌ലാല്‍

Malayalilife
 അദ്ദേഹം നന്മ മാത്രമുള്ള ജീവിതം വളരെ ആസ്വദിച്ച ആളായിരുന്നു; ഒരുപാട് സന്തോഷിക്കുന്നവര്‍ക്ക് ആയുസ്സു കൂടുതലായിരിക്കുമല്ലോ; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓർമ്മകളിൽ ‌ലാല്‍

ലയാള സിനിമ പ്രേമികൾക്ക്ക ല്യാണരാമൻ സിനിമയിലൂടെ സുപരിചിതനായ താരമാണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി. കഴിഞ്ഞ  ദിവസമായിരുന്നു താരത്തിന്റെ വിയോഗം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ  ഓര്‍മ്മകളുമായി നടനും സംവിധായകനുമായ ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇനിയും ഏറെക്കാലം ജീവിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നമുക്കൊരു തീരാനഷ്ടം തന്നെയാണ് ലാല്‍ കുറിക്കുന്നു.

'ദേശാടനം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജയരാജ് എന്നെ വിളിച്ചിരുന്നു. സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണം എന്നറിയാനാണ് അദ്ദേഹം വിളിച്ചത്. അങ്ങനെ എറണാകുളം ഷേണായീസ് തീയറ്ററില്‍ ഞാന്‍ ആ സിനിമ കാണാന്‍ പോയി. പടം കണ്ട ഞാന്‍ ശരിക്കും ഷോക്ക്ഡ് ആയിപോയി. ഒരു പ്രായമുള്ള ആര്‍ട്ടിസ്റ്റ് അതിഗംഭീരമായ പെര്‍ഫോമന്‍സ് ആണ് അതില്‍ കാഴ്‌ചവച്ചിരുന്നത്. അത് കണ്ടിട്ട് മനുഷ്യനായിട്ടുള്ളവര്‍ക്ക് കരയാതിരിക്കാന്‍ കഴിയില്ല. അങ്ങനെയാണ് അദ്ദേഹം ആരാണെന്നും എന്താണെന്നും ഞാന്‍ ചോദിച്ചറിയുന്നത്. അദ്ദേഹം എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു. ഈ സിനിമയ്ക്ക് എല്ലാ സിനിമയെയും പോലെയുള്ള പരസ്യം കൊടുത്തിട്ടു കാര്യമില്ല. ഒടുവില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഞാന്‍ ദേശാടനം കണ്ടു, ഞാന്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി എന്ന് പറയുന്ന രീതിയില്‍ ഒരു പരസ്യം കൊടുക്കാന്‍ പറഞ്ഞു. ആ പടം ഒരു വലിയ വിജയമായിരുന്നു. മുന്തിയ താരങ്ങളില്ലാതിരുന്നിട്ടു കൂടി വലിയ വിജയം കൊയ്ത ഒരു ചരിത്രമാണ് ദേശാടനത്തിനുള്ളത് അതില്‍ പ്രധാന പങ്കു വഹിച്ചത് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ അസാമാന്യ അഭിനയമായിരുന്നു.' ലാല്‍ പറയുന്നു

'പിന്നീട് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയെ കല്യാണരാമനില്‍ കാസ്റ്റ് ചെയ്തു. അദ്ദേഹമുള്ള സെറ്റ് വളരെ ഊര്‍ജസ്വലമായിരുന്നു. എപ്പോഴും അദ്ദേഹവും അദ്ദേഹത്തിന് ചുറ്റും ഒരു കൂട്ടം ആളുകളും തമാശ പറഞ്ഞു പൊട്ടിചിരിച്ചുകൊണ്ടേയിരിക്കും. ആ സെറ്റില്‍ ഏറ്റവും ചെറുപ്പം ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയായിരുന്നു. ചില കോമഡി സീന്‍ ഒക്കെ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു പക്ഷെ പറയേണ്ട താമസം ഞങ്ങളെപ്പോലും അമ്ബരപ്പിച്ചുകൊണ്ട് അദ്ദേഹം അത് അഭിനയിച്ചു കാണിക്കും. ഒരിക്കല്‍ ആരോ പറഞ്ഞു കുറച്ചു മുന്‍പേ സിനിമയില്‍ അഭിനയിക്കാമായിരുന്നു എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്ന്. അപ്പോള്‍ഞാന്‍ പറഞ്ഞു അങ്ങനെ അല്ല എന്ത് കിട്ടുന്നോ അതില്‍ തൃപ്തനാകുന്ന ആളാണ് അദ്ദേഹമെന്ന്. വരാന്‍ താമസിച്ചുപോയി എന്ന് ദുഃഖിക്കുന്ന ആളൊന്നുമല്ല അദ്ദേഹം.

അത്രയും സന്തോഷിച്ച്‌ വളരെ എനെര്‍ജിറ്റിക്കായി ജീവിച്ച ആള്‍. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു ''ലാല്‍ സാറേ ഒരു ശ്ലോകം ഉണ്ട് അത് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സിനിമക്ക് ഐശ്വര്യം ഉണ്ടാകു'' എന്ന്, അദ്ദേഹം ആ ശ്ലോകം പാടി കേള്‍പ്പിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി കാരണം അദ്ദേഹം പറയും മുന്‍പേ ഞങ്ങള്‍ അത് ''കഥയിലെ രാജകുമാരന്‍'' എന്ന പാട്ടിന്റെ തുടക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ''ഈ ചിത്രത്തിന്റെ വിജയത്തിനായി നിങ്ങള്‍ ശ്ലോകം ഉള്‍ക്കൊള്ളിച്ചതല്ലല്ലോ അറിയാതെ ഉള്‍ക്കൊള്ളിച്ചതല്ലേ, ഈ പടം വലിയ ഒരു വിജയമായിരിക്കും, ഇത് എല്ലാവരും മനസ്സുകൊണ്ട് ഏറ്റെടുക്കും'' എന്ന്. അദ്ദേഹം പറഞ്ഞതുപോലെ ആ സിനിമ ഒരു മഹാവിജയമായി. ഇപ്പോഴും പലരും വിളിച്ചിട്ടു കല്യാണരാമനെപ്പറ്റി പറയുമ്ബോള്‍ ഞാന്‍ അദ്ദേഹത്തെപ്പറ്റി ഓര്‍ക്കാറുണ്ട്. പടത്തിന്റെ വിജയാഘോഷത്തിലും അദ്ദേഹം പങ്കെടുത്തു. പിന്നെ തിരക്കുകള്‍ കാരണം ബന്ധപ്പെടല്‍ ചുരുക്കമായി. എന്നാലും കല്യാണരാമനെപ്പറ്റി ആര് ചോദിച്ചാലും ആദ്യം മനസ്സില്‍ വരിക അദ്ദേഹത്തിന്റെ മുഖമാണ്.' ലാല്‍ ഒാര്‍മിച്ചു.

'അദ്ദേഹം നന്മ മാത്രമുള്ള, ജീവിതം വളരെ ആസ്വദിച്ച ആളായിരുന്നു. നൂറു ശതമാനം വെജിറ്റേറിയന്‍. വെജിറ്ററിയാന്‍ ഫുഡ് മാത്രം കഴിച്ച്‌ ഇങ്ങനെ സന്തോഷമായി ഇരിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതരീതിയും സ്വഭാവവും വച്ച്‌ ഒരു നൂറ്റമ്ബതു വര്‍ഷം ജീവിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ഒരുപാട് സന്തോഷിക്കുന്നവര്‍ക്ക് ആയുസ്സു കൂടുതലായിരിക്കുമല്ലോ. ഒരു പക്ഷെ കോവിഡിന്റെ കോംപ്ലിക്കേഷന്‍ കാരണമായിരിക്കാം അദ്ദേഹത്തിന്റെ ‌ ഈ വിയോഗം. ഈ വാര്‍ത്ത കേട്ടിട്ട് ഒരുപാട് വിഷമമുണ്ട്. സിനിമാലോകത്തെ ഏറ്റവും സന്തോഷവാനായ വ്യക്തിയെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള മനശ്ശക്തിയുണ്ടാകട്ടെ.' ലാല്‍ കൂട്ടിച്ചേര്‍ത്തു.
 

Actor lal words about actor unnikrishnan namboothiri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES