സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു പ്രമുഖ നടനാണ് വിവേക്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട് ഹരീഷ് കല്യാൺ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവിൽ വേഷമിട്ടത്. എന്നാൽ താരത്തിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയാണ് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്. അതേസമയം വിപിന്‍ദാസ് ജി സമൂഹമാധ്യമങ്ങളിലൂടെ താരത്തെ കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സെന്തില്‍ - ഗൗണ്ടമണിമാര്‍ തമിഴ് സിനിമ കോമഡിയുടെ മുഖമായിരുന്ന കാലത്താണ് വടിവേലുവും വിവേകും ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് സെന്തില്‍ - ഗൗണ്ടമണി യുഗം അവസാനിക്കുകയും ഏകാങ്കമായി വടിവേലുവും വിവേകും ആ നഗചുവൈ പാതകളെ രണ്ടായി തിരിച്ചു മുന്നോട്ട് പോകയും ചെയ്തു. അതില്‍ ഏറെ ഹൃദ്യമായി തോന്നിയിട്ടുള്ളത് വിവേകിന്റ ആക്ഷേപഹാസ്യങ്ങളാണ്. കുറിക്ക് കൊള്ളുന്ന, ചിന്തിപ്പിക്കുന്ന ചിരികള്‍ നല്‍കിയ വിവേക്! ജാതി-മതം, ലിംഗം, അമസമത്വം മുതലായ വിവേചനങ്ങളെ പലപ്പോഴും രൂക്ഷമായ ഭാഷയില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച വിവേകിന് കയ്യടി മാത്രമല്ല, സിനിമക്കകത്തും പുറത്തും കഠിനമായ പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
വിവേകിന്റ കോമഡികള്‍ക്ക് വിമര്‍ശിക്കാന്‍ വിശാലമായ ചുറ്റുപാടുകള്‍ തമിഴ് മണ്ണില്‍ ഉണ്ടായിരുന്നു. സംസ്‌കാരത്തിലെ, പാരമ്പര്യത്തിലെ ജീര്‍ണ്ണതകളും ന്യൂനതകളും, രാഷ്ട്രീയത്തെയും-ജാതി രാഷ്ട്രീയത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ അങ്ങനെ വിമര്‍ശിക്കാന്‍ സമ്പന്നമായ ചുറ്റുപാടുകളില്‍ നിന്ന് കൗണ്ടര്‍ അടിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവുകളെ പറ്റി സംവിധായകര്‍ക്ക് ഉണ്ടായിരുന്ന മതിപ്പാണ് വിവേകിനെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള കോമേഡിയനാക്കിയത്.
എണ്‍പതുകളില്‍ തുടങ്ങി, തൊണ്ണൂറുകളില്‍ വളര്‍ന്ന്, രണ്ടായിരങ്ങളില്‍ ഏറ്റവും ഉയരത്തില്‍ എത്തിയ വിവേകിന്റ കരിയര്‍ ഗ്രാഫ് പെട്ടന്ന് നിശ്ചലമാവുകയും, ഒരു സമയം അപ്രത്യക്ഷമാവുകയും ചെയ്തതില്‍ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിനെതിരെ നടന്ന ഉപചാപങ്ങള്‍ക്ക് കൃത്യമായ പങ്ക് ഉണ്ടായിരുന്നു. കഴിയുന്നത്ര വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിട്ടും, കരിയറില്‍ ശ്രദ്ധികേന്ദ്രീകരിച്ചിരുന്ന കാലത്ത് അദ്ദേഹത്തേ പാപ്പരാസികള്‍ വേട്ടയാടിക്കൊണ്ടേയിരുന്നു. പിന്നീട് തഴയപ്പെടലുകളുടെ ചരിത്രം ആരംഭിക്കുന്നു.
വിവേകിനായി രൂപകല്പന ചെയ്യപ്പെട്ട വേഷങ്ങളിലൂടെയാണ് സന്താനം തമിഴ് സിനിമയില്‍ ഒരു ശ്രദ്ധേയമായ സാനിധ്യമായി മാറുന്നത്. പതിയെ പതിയെ തമിഴ് തിറൈ ഉലകില്‍ നിന്നും വിവേക് അപ്രത്യക്ഷമായി. ആ ഇടയ്ക്കുണ്ടായ മകന്റെ അകാലമരണവും അദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തി. ഈ കാലയളവില്‍ ചില സിനിമകളുടെ ഭാഗമായെങ്കിലും അദ്ദേഹം പിന്നീട് ഒരിക്കലും അത്രകണ്ട് സിനിമയില്‍ സജീവമായില്ല.
ഒരു കാലഘട്ടത്തെ വെള്ളിത്തിരയിലൂടെ കുടുകുടെ ചിരിപ്പിച്ച വിവേക് ക്യാമറകള്‍ക്ക് പുറത്ത് പലപ്പോഴും മുനിയെപ്പോലെ മൗനം ആചരിച്ചു. സംഘര്‍ഷഭരിതമായ കരിയര്‍, ജീവിതം... ഏറ്റവും ഒടുവില്‍ എല്ലാ ജീവിതഭാരങ്ങളേയും താങ്ങിയ ആ ഹൃദയം നിലച്ചിരിക്കുന്നു. ആദരാഞ്ജലി