സല്‍മാന്‍ ഖാന്റെ പന്‍വേലിലുള്ള ഫാം ഹൗസില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. രണ്ട് പ്രതികള്‍ക്കെതിരെയും അതിക്രമിച്ച് കയറിയതിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ഇരുവരും ഇതര സംസ്ഥാനക്കാരാണെന്നും സിനിമാ താരങ്ങളെ കാണാനാണ് മുംബൈയില്‍ എത്തിയതെന്നുമാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികള്‍ വേലി ചാടി കോമ്പൗണ്ടിലൂടെ ഫാം ഹൗസിലേക്ക് കടക്കാനായി ശ്രമിച്ചതായിയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.സംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ പേരുകളാണ് നല്‍കിയിരിക്കുന്നത്. അവര്‍ ഫാം ഹൗസിലേക്ക് പ്രവേശിക്കാനായി ശ്രമിച്ചത് സല്‍മാന്‍ ഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തിനെ കാണാനായി ആഗ്രഹമുണ്ടെന്നും പറഞ്ഞായിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.അനധികൃതമായി കടന്നുകയറിയതിനും വ്യാജരേഖ ചമച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ നടന്‍ സല്‍മാന്‍ഖാന്റെ സുരക്ഷ നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. ബിഷ്‌ണോയ് സമുദായം വിശുദ്ധ മൃഗമായി കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിലാണ് ലോറന്‍സ് ബിഷ്‌ണോയ് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് പ്രഖ്യാപിച്ചത്