ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സി.കെ. ജാനുവിനെതിരേ പരിഹാസവുമായി 'നരിവേട്ട' സംവിധായകന്‍ അനുരാജ് മനോഹര്‍. ഫെയ്സ്ബുക്കില്‍ കുറിപ്പിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്. 'വീണ്ടും യുഡിഎഫില്‍ ചേര്‍ന്ന സി.കെ. ജാനുവിന് നീല്‍സലാം', എന്ന് അനുരാജ് കുറിച്ചു.
മുത്തങ്ങ സംഭവത്തെ അടിസ്ഥാനമാക്കി അനുരാജ് സംവിധാനംചെയ്ത 'നരിവേട്ട'യ്ക്കെതിരേ ജാനു നേരത്തേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
അനുരാജ് മനോഹറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികള്‍ക്ക് നട്ടെല്ലിന്റെ കരുത്ത് നല്‍കി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊര്‍ജ്ജവും നല്‍കി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി.കെ. ജാനു. ഏതോ കൊല്ലപ്പരീക്ഷാ കാലത്തുള്ള തീവെപ്പും അതിനെ തുടര്‍ന്നുണ്ടായ വെടിയൊച്ചയിലും ടിവി സ്‌ക്രീനില്‍ കണ്ട കവിള്‍ വീര്‍ത്ത് കണ്ണില്‍ രക്തം ഒരിറ്റ് ശേഷിപ്പില്ലാതെ കാക്കി കൂട്ടങ്ങള്‍ നടത്തി കൊണ്ട് പോകുന്ന ഒരുസ്ത്രീയെ വളരെ വേദനയോടെയാണ് അന്ന് എന്നിലെ ചെറുപ്പക്കാരന്‍ കണ്ടത്. കാലം കടന്ന് പോയപ്പോള്‍ രാഷ്ട്രീയ സഖ്യങ്ങള്‍ മാറിയപ്പോള്‍ സി.കെ. ജാനു ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്തയ്ക്ക് ശേഷമാണ് നരിവേട്ട എന്ന ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി അവരെ അവരുടെ വീട്ടില്‍ പോയി കാണുന്നത്.
നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സി.കെ. ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ അന്ന് കാനഡയില്‍ ആയിരുന്നു സിനിമയില്‍ അഭിനയിച്ച മുഴുവന്‍ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് സിനിമ കാണിക്കാന്‍ ശ്രമം നടത്തിയിരുന്നു പരാജയപ്പെട്ടു. സ്വന്തം കൂരയ്ക്ക് വെളിയിലിറങ്ങാന്‍ ഇപ്പോഴും പകച്ചു നില്‍ക്കുന്ന ഒരു ജനതയ്ക്ക് വയനാട് ചുരത്തിനപ്പുറത്തെ കൊല്ലത്തെ അറിവില്ലാത്തവര്‍ക്ക്, കൈപത്തിയില്‍ എത്ര വിരലുണ്ട് എന്ന അറിവ് പോലും ഇപ്പോഴും സംശയമാണ്. മുത്തങ്ങയില്‍ അന്ന് നടന്ന നരനായാട്ടിനെയും പോലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സി.കെ. ജാനുവിന്റെ വിമര്‍ശങ്ങളെ ഉള്‍കൊണ്ട് ഇരിക്കുമ്പോഴാണ് വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത്. എല്ലാ വിമര്‍ശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം, 'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ല' എന്ന ഉറച്ച ബോധ്യത്തിലാണ്. വീണ്ടും യുഡിഎഫില്‍ ചേര്‍ന്ന സി.കെ. ജാനുവിന് നീല്‍ സലാം.
നേരത്തേ, ചിത്രത്തിനെതിരേ ജാനു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ചിത്രം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. മുത്തങ്ങ സമരത്തെ ചിത്രം തെറ്റായി ചിത്രീകരിക്കുന്നുവെന്നും ആദിവാസികള്‍ നടത്തിയ ഒരു സമരത്തെ തങ്ങള്‍ക്ക് തോന്നുന്നതുപോലെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. സത്യം തുറന്നുകാണിക്കാന്‍ ധൈര്യമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും സി.കെ. ജാനു പറഞ്ഞു. മുത്തങ്ങയില്‍ നടന്നത് തെറ്റായ നടപടിയായിരുന്നുവെന്ന തിരിച്ചറിവ് ആന്റണിക്ക് ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുഡിഎഫ്