നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉര്‍വശിയും ഇക്കഴിഞ്ഞ ദിവസം വേദിയിലും ഒന്നിച്ചെത്തി. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിങ് വേദിയിലുള്ള താരങ്ങളുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ചാള്‍സ് എന്റര്‍പ്രൈസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് വേളയിലാണ് ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെട്ടത്. മലയാള സിനിമയുടെ ഒരുപാട് താരങ്ങള്‍ വേദിയില്‍ അണിനിരക്കുന്നുണ്ട്.
ചടങ്ങില്‍ ജഗതിക്കൊപ്പമുള്ള ഓര്‍മ്മകളും ഉര്‍വ്വശി പങ്ക് വച്ചു.ജോഡിയായി അഭിനയിച്ചിട്ടും താന്‍ ജഗതി ശ്രീകുമാറിനെ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നതെന്ന് ഉര്‍വശി പറഞ്ഞു. തനിക്ക് അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ജഗതിയെ ആദ്യമായി കാണുന്നതെന്നും അന്നുമുതല്‍ ഇന്ന് വരെ അദ്ദേഹത്തെ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നും ഉര്‍വശി പറഞ്ഞു.
ജോഡിയായിട്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അന്ന് തനിക്ക് വലിയ പ്രയാസമായിരുന്നെന്നും ഉര്‍വശി പറഞ്ഞു. അമ്പിളിചേട്ടന്റെ കൂടെയുള്ള ആത്മബന്ധത്തിന് വലിയ വാല്യൂ ഉണ്ടായിരുന്നു. എനിക്ക് ഒരു അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അമ്പിളി അങ്കിളിനെ കാണുന്നത്. എന്റെ അമ്മ സ്വന്തം ആങ്ങളയെ പോലെയാണ് അങ്കിളിനെ കണ്ടുകൊണ്ടിരുന്നത്. അന്നുമുതല്‍ ഇന്ന് വരെ ഞാന്‍ അങ്കിളെ എന്നാണ് വിളിച്ചത്.
ഒരു പടത്തിന്റെ ഷൂട്ടിങ്ങില്‍ അങ്ങനെ എല്ലാവരും വിളിക്കുന്ന പോലെ ഞാനും അമ്പിളി ചേട്ടായെന്ന് വിളിച്ചു. അമ്പിളി ചേട്ടനോ.. തന്തക്ക് ഒപ്പം വളരുമ്പോള്‍ തന്തയേക്കേറി അളിയാ എന്ന് വിളിക്കുമോയെന്ന് എല്ലാവരുടെ മുന്നില്‍ നിന്നും എന്നോട് പറഞ്ഞു. ഞാന്‍ ആകെ ചമ്മി വഷളായി. അതുകൊണ്ട് ഞാന്‍ ഇതുവരെ അങ്കിളെയെന്ന വിളി മാറ്റിയിട്ടില്ല, ഉര്‍വശി പറഞ്ഞു.
ജോയ് മൂവീസിന്റെ ബാനറില്‍ നവാഗതനായ ലളിത സുഭാഷ് സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചാള്‍സ് എന്റര്‍പ്രൈസസില്‍ ഉര്‍വശിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ഠ്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്,ഏപ്രില്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും.പി. ആര്‍. ഒ വൈശാഖ് സി. വടക്കേവീട്.