അടുത്തിടെയായി നടന്‍ ശ്രീനിവാസന്റെ രോഗാവസ്ഥയിലുള്ള ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോളിതാ, ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി.
ശ്രീനിവാസന്‍ രോഗാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോയെടുത്തു ഇങ്ങനെ പ്രദര്‍ശിപ്പിക്കതുതെന്ന് അദ്ദേഹം പറയുന്നു.
സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കില്‍ പോലും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തമ്പി ആന്റണി വ്യക്തമാക്കി.'ഇപ്പോള്‍ പ്രശസ്ത നടന്‍ ശ്രീനിവാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ആഘോഷിക്കുന്നവര്‍ ആരാണെങ്കിലും ആര്‍ക്കു വേണ്ടിയാണന്ന് മനസിലാകുന്നില്ല. സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കില്‍ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമായേ എനിക്ക് കാണാന്‍ സാധിക്കുകയുള്ളു.'
'രോഗാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുമ്പുള്ള ഈ അവസ്ഥയില്‍, സിനിമാക്കാരുള്‍പ്പെടെ ആരും അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല എന്നതാണ് അത്ഭുതകരമാണ്,' തമ്പി ആന്റണി കുറിച്ചു.
നടന്‍ ശ്രീനിവാസന്റെ അസുഖങ്ങളും പിന്നീട് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും താരം ഏറെക്കാലമായി വിട്ടു നില്‍ക്കുകയാണ്.