രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ഇപ്പോഴിതാ ദുരഭിമാനക്കൊല യെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ദുരഭിമാനക്കൊല കുട്ടികളോട് മാതാപിതാക്കള്‍ക്ക് ഉള്ള കരുതലാണെന്നും അതൊരു അക്രമമല്ലെന്നും രഞ്ജിത്ത് പറഞ്ഞു. 'കവുണ്ടംപാളയം' എന്ന പുതിയ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ വിവാദ പരാമര്‍ശം. നടനെതിരെ വന്‍ വിമര്‍ശനമാണ് വിവദ ഭാ?ഗങ്ങളില്‍ നിന്നും ഉയരുന്നത്.
ദുരഭിമാനക്കൊലയെ സംബന്ധിച്ച റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, 'മക്കള്‍ക്ക് ഒരു പ്രണയമോ ഇല്ലേല്‍ മറ്റെന്തെങ്കിലും പ്രശ്‌നമോ നടക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് മാത്രമെ ആ വേദന മനസിലാകുകയുള്ളൂ. ഉദാഹരണത്തിന് ഒരു ബൈക്ക് മോഷണം പോയാല്‍ ഉടനെ പോയി കണ്ടുപിടിക്കില്ലേ. അന്വേഷിക്കില്ലേ. ആരാടാ എന്റെ ബൈക്ക് എടുത്തതെന്ന് ചോദിച്ച് ദേഷ്യത്തോടെ പോകില്ലേ. ഒരു ചെരുപ്പ് കാണാതായാലും അങ്ങനെ അല്ലേ.
മാതാപിതാക്കളുടെ ജീവിതം തന്നെ മക്കള്‍ക്ക് വേണ്ടിയുള്ളതല്ലേ. അവരുടെ ജീവിതശ്വാസം വരെ മക്കളല്ലേ. അങ്ങനെയുള്ള മക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നം വരുമെന്ന് കണ്ടാല്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന ദേഷ്യം കരുതല്‍ കൊണ്ട് ഉണ്ടാകുന്നതാണ്. അതൊരിക്കലും അക്രമമല്ല. അവരോടുള്ള മാതാപിതാക്കളുടെ കരുതല്‍ മാത്രമാണ്. നല്ലതായാലും ചീത്തയായാലും നടക്കുന്നത് കരുതലില്‍ നിന്നാണ്', എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ വില്ലന്‍- നായക വേഷങ്ങളില്‍ എത്തി ജനശ്രദ്ധനേടിയ നടനാണ് രഞ്ജിത്ത്. മമ്മൂട്ടി നായികനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം രാജമാണിക്യത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് രഞ്ജിത്ത് മലയാളികള്‍ക്ക് ഇടയില്‍ ശ്രദ്ധേയനാകുന്നത്. ഇതിലെ സൈമണ്‍ നാടാര്‍ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഒരിടവേളയക്ക് ശേഷം കടകന്‍ എന്നൊരു മലയാള സിനിമയിലും രഞ്ജിത്ത് അഭിനയിച്ചിരുന്നു.